ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ കരാർ നീട്ടി; ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ട്രംപ്
text_fieldsവാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് 'ചരിത്രപരം' എന്ന് ട്രംപ് വിശേഷിപ്പിച്ച ഈ സുപ്രധാന തീരുമാനം പുറത്തുവന്നത്.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. ലബനാന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹിസ്ബുല്ലയിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിനും വാഷിങ്ടൺ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് അവകാശപ്പെട്ടു. "യോഗം വളരെ വിജയകരമായിരുന്നു. ഹിസ്ബുല്ലയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ലബനാനെ അമേരിക്ക സഹായിക്കും. ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നു."ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു. അടുത്ത ഘട്ടമെന്ന നിലയിൽ ഇരുരാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരുമായി നേരിട്ടുള്ള ചർച്ചകൾക്കും ട്രംപ് കളമൊരുക്കുന്നുണ്ട്.
ഭാവിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനെയും ലബനാൻ പ്രസിഡന്റ് ജോസഫ് ഔനിനെയും വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്ത. മേഖലയിൽ സ്ഥിരമായ സമാധാനം കൊണ്ടുവരുന്നതിനുള്ള വലിയൊരു ചട്ടക്കൂടിന്റെ ഭാഗമാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ചർച്ചയിൽ ലബനീസ് അംബാസഡർ നാദ ഹമദ മൊവാദ്, ഇസ്രായേൽ അംബാസഡർ യെഹിയൽ ലൈറ്റർ, ലബനാനിലെ യു.എസ് അംബാസഡർ മിഷേൽ ഇസ, ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി എന്നിവർ പങ്കെടുത്തു.
ഇതിനിടെ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടായിട്ടും, ഇന്നലെ തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഒരു പത്രപ്രവർത്തക ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. അൽ-അഖ്ബാർ പത്രത്തിന്‍റെ ലേഖികയായിരുന്ന അമൽ ഖലീലാണ് (43) കൊല്ലപ്പെട്ടതെന്ന് ലബനീസ് സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ (N.N.A) റിപ്പോർട്ട് ചെയ്തു. അവർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർക്ക് ഗുരുതര പരിക്കേറ്റു.
ഏപ്രിൽ 16ന് പ്രഖ്യാപിച്ച 10 ദിവസത്തെ ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. തെക്കൻ ലബനാനിലെ അത്-തിരി (at-Tiri) ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കാറിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അമൽ ഖലീലിനെയും ഫ്രീൻലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിനെയും ഇസ്രായേൽ ആക്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

