'ലഭ്യമായ വാഹന സൗകര്യം ഉപയോഗിച്ച് രാജ്യം വിടുക'- ഇറാനിലെ ഇന്ത്യക്കാർക്ക് എംബസിയുടെ നിർദേശം
text_fieldsഇറാനിൽ പ്രതിഷേധക്കാർ കാറുകൾക്ക് തീയിട്ടപ്പോൾ
തെഹ്റാൻ: പ്രതിഷേധം കനക്കുന്ന ഇറാനിലെ ഇന്ത്യക്കാരോട് ലഭിക്കുന്ന വാഹന സൗകര്യം ഉപയോഗിച്ച് രാജ്യം വിടാൻ നിർദ്ദേശിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാരായ വിദ്യാർഥികൾ, തീർഥാടകർ, സഞ്ചാരികൾ, വ്യവസായികൾ എന്നിവരോടാണ് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമാകുന്ന ഏതെങ്കിലും വാഹന സൗകര്യമുപയോഗിച്ച് രാജ്യം വിടാൻ എംബസി നിർദേശിച്ചത്.
ഇറാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമാണ് മുന്നറിയിപ്പ് എന്നും എംബസി അറിയിച്ചു. രാജ്യത്തെ എല്ലാ ഇന്ത്യൻ പൗരരും ഇന്ത്യൻ വംശജരും പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളെ പറ്റി അറിഞ്ഞിരിക്കണമെന്നും ഇന്ത്യൻ എംബസിയുടെയും പ്രാദേശിക മാധ്യമങ്ങളുടെയും നിർദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.
അടിയന്തിര സാഹചര്യം മുൻനിർത്തി മുഴുവൻ ഇന്ത്യക്കാരും അവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത രേഖകൾ കൈവശം കരുതണമെന്നും ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ എംബസിയുടെ സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസിയുടെ അടിയന്തര കോൺടാക്റ്റ് ഹെൽപ്പ്‌ലൈനുകൾ +989128109115, +989128109109, +989128109102, +989932179359. ഇമെയിൽ: cons.tehran@mea.gov.in
ഇന്ത്യൻ എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഇറാനിലെ എല്ലാ ഇന്ത്യൻ പൗരരും https://www.meaers.com/request/home എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു. എംബസിയുടെ വെബ്‌സൈറ്റിലും ലിങ്ക് ലഭ്യമാണ്.
ഇറാനിലെ ഇന്റർനെറ്റ് തടസ്സങ്ങൾ കാരണം ഏതെങ്കിലും വ്യക്തിക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവർക്ക് വേണ്ടി ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

