Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിനേക്കാൾ ഏറെ മുന്നിൽ: ലോറൻസ് വോങിന്റെ വാർഷിക ശമ്പളത്തിൽ വർധന; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നേതാവായി തുടരും

text_fields
bookmark_border
ട്രംപിനേക്കാൾ ഏറെ മുന്നിൽ: ലോറൻസ് വോങിന്റെ വാർഷിക ശമ്പളത്തിൽ വർധന; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നേതാവായി തുടരും
cancel

സിംഗപ്പൂർ: ലോകത്തിലെ ഏറ്റവും ഉയർന്ന വാർഷിക ശമ്പളം വാങ്ങുന്ന സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ വാർഷിക ശമ്പള പാക്കേജിൽ വീണ്ടും വർധനവ്. 1.4 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം 1.1 മില്യൺ യു.എസ് ഡോളർ) ആയി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ വോങ്ങിന്റെ വാർഷിക പ്രതിഫലം 2.2 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി ഉയരും. അതായത് ഇന്ത്യൻ രൂപയിൽ 26.95 കോടി.

ശമ്പളവർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തിനിടെ ചാരിറ്റിക്കായി സംഭാവന ചെയ്യുമെന്ന് വോങ് അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മികച്ച പ്രതിഭകളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ ഉയർന്ന പ്രതിഫലം അനിവാര്യമാണെന്ന് വോങ് വ്യക്തമാക്കി. മന്ത്രിമാർക്ക് ഉയർന്ന ശമ്പളം നൽകുന്നത് അഴിമതിക്കുള്ള പ്രേരണ കുറക്കുമെന്നും സർക്കാർ വാദിക്കുന്നു.

ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ ഏകദേശം 7.19 ലക്ഷം യു.എസ് ഡോളർ വാർഷിക ശമ്പളവുമായി രണ്ടാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗയ് പാർമലിൻ 6.06 ലക്ഷം ഡോളറുമായി മൂന്നാം സ്ഥാനത്തുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർഷിക ശമ്പളം 4 ലക്ഷം ഡോളറും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റേത് 2.3 ലക്ഷം ഡോളറുമാണ്.

സിംഗപ്പൂർ മന്ത്രിമാരുടെ ശമ്പളം സാധാരണ ജനങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്നതാണെന്ന വിമർശനം ശക്തമാണ്. രാജ്യത്തെ ശരാശരി മാസവരുമാനം 5,775 സിംഗപ്പൂർ ഡോളറാണ്. തൊഴിൽ നഷ്ടം, പുതുതായി ബിരുദം നേടിയവർക്ക് ജോലി ലഭിക്കുന്നതിലെ ബുദ്ധിമുട്ട്, ഉയർന്ന ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയുള്ള ശമ്പളവർധന “ജനവികാരം മനസ്സിലാക്കാത്ത നടപടി”യാണെന്ന് വിമർശകർ വാദിക്കുന്നു. കഴിഞ്ഞ പാദത്തിൽ സിംഗപ്പൂരിലെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം അഞ്ച് വർഷത്തിലേറെയുള്ള കാലയളവിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതും വിമർശനത്തിന് ആക്കം കൂട്ടി.

അതേസമയം, രാജ്യത്തെ മികച്ച പ്രതിഭകളെ രാഷ്ട്രീയത്തിലേക്ക് എത്തിക്കണമെങ്കിൽ ഉയർന്ന ശമ്പളം നൽകേണ്ടത് അനിവാര്യമാണെന്ന് തീരുമാനത്തെ അനുകൂലിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിമാരുടെ ശമ്പളത്തിലെ തുടർവർധന. തൊഴിലില്ലായ്മ നിരക്ക്, വരുമാന വളർച്ച, ജി.ഡി.പി വളർച്ച തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതും പ്രതിഫലം നിർണയിക്കുന്നതിൽ പരിഗണിക്കും.

സിംഗപ്പൂർ സ്വാതന്ത്ര്യം നേടിയതുമുതൽ അധികാരത്തിലുള്ള പീപ്പിൾസ് ആക്ഷൻ പാർട്ടിക്ക് ഏറെക്കാലമായി വിമർശനത്തിന് ഇടയാക്കുന്ന വിഷയമാണ് മന്ത്രിമാരുടെ ഉയർന്ന ശമ്പളം. 2011ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് വിഹിതം കുത്തനെ കുറഞ്ഞതിനു പിന്നാലെ 2012ൽ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Far ahead of Trump: Lawrence Wong's annual salary increases; remains the world's highest paid leader
Next Story