യുദ്ധ ഭീതിയൊഴിയുന്നില്ല; നാറ്റോ സഖ്യമല്ലാതെ മറ്റ് മാർഗമില്ലെന്ന് യുക്രെയ്ൻ, നഴ്സറി സ്കൂളിന് നേരെ ഷെല്ലാക്രമണം
text_fieldsറഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ തകർന്ന നഴ്സറി കെട്ടിടം
റഷ്യ-യുക്രെയ്ൻ അതിർത്തി മേഖല വീണ്ടും പുകയുന്നു. സൈന്യത്തെ ബാരക്കുകളിലേക്ക് പിൻവലിക്കുകയാണെന്ന് റഷ്യ പ്രസ്താവിച്ചെങ്കിലും യുക്രെയ്നോ പാശ്ചാത്യരാജ്യങ്ങളോ റഷ്യയെ വിശ്വാസത്തിലെടുത്തിട്ടില്ല. സൈന്യത്തെ പിൻവലിക്കുന്നതിന്‍റെ തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങൾ യഥാർഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും യുക്രെയ്ൻ അതിർത്തിയിലെ സൈനിക വിന്യാസം റഷ്യ ശക്തമായി തന്നെ തുടരുകയാണെന്നുമാണ് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, നാറ്റോ സഖ്യത്തിൽ ചേരുകയല്ലാതെ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോദ്മിർ സെലൻസ്കി രംഗത്തെത്തി. നാറ്റോയിൽ ചേരുകയെന്നത് രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തലാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.
അതിനിടെ, യുക്രെയ്ൻ നിയന്ത്രണത്തിലുള്ള സ്റ്റാനിറ്റ്സിയ ലുഹാൻസ്കയിലെ നഴ്സറിക്ക് നേരെ ഷെല്ലാക്രമണമുണ്ടായി. ഡോൺബാസ് മേഖലയിലെ റഷ്യയുടെ പിന്തുണയുള്ള വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രെയ്ൻ ആരോപിച്ചു. മേഖലയിലെ വെടിനിർത്തൽ ധാരണയാണ് ലംഘിക്കപ്പെട്ടതെന്നും യുക്രെയ്ൻ കുറ്റപ്പെടുത്തി. ആക്രമണത്തിൽ തർന്ന നഴ്സറി മുറിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
അതേസമയം, യുക്രെയ്ൻ ഭാഗത്തുനിന്ന് തങ്ങളുടെ നേരെ ഷെല്ലാക്രമണമുണ്ടായതായി ഡോൺബാസ് മേഖലയിലെ റഷ്യൻ പിന്തുണയുള്ള വിമതർ ആരോപിച്ചു.
ഇതിന് പിന്നാലെ, നാറ്റോ സഖ്യത്തിന്‍റെ നിലപാടുകൾ പരിധിവിട്ടുവെന്ന് ആരോപിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് രംഗത്തെത്തി. നാറ്റോ അധികസേനയെ മേഖലയിൽ വിന്യസിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ എന്ത് ചെയ്യുന്നുവെന്നാണോ നാറ്റോ ആരോപിക്കുന്നത്, അതേ കാര്യമാണ് അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

