യു.എസിന്റെ ലാറ്റിനമേരിക്കൻ അധിനിവേശങ്ങൾ
text_fieldsതങ്ങളുടെ തൊട്ടു താഴെ കിടക്കുന്ന ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിൽ അമേരിക്കൻ ഇടപെടലുകളുടെ നീണ്ട ചരിത്രംതന്നെയുണ്ട്. ഇതിന്റെ മറ്റൊരു അധ്യായം മാത്രമാണ് വെനിസ്വേല ആക്രമണം. ശീതയുദ്ധ കാലത്ത് മേഖലയിൽ അമേരിക്ക നടത്തിയ രാഷ്ട്രീയ-സൈനിക ഇടപെടലുകൾ അനേകം രാജ്യങ്ങളുടെ ചരിത്രദിശതന്നെ മാറ്റിമറിച്ചു. ലാറ്റിനമേരിക്കയിലെ പ്രധാന യു.എസ് ഇടപെടലുകൾ ഇവയാണ്:
1954: ഗ്വാട്ടമാല
രാജ്യത്ത് സജീവമായിരുന്ന യു.എസ് കോർപറേറ്റുകളുടെ താൽപര്യത്തിന് വിരുദ്ധമാകുംവിധം ഭൂപരിഷ്കരണ നിയമം കൊണ്ടുവരാൻ ശ്രമിച്ച, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജാക്കോബോ അർബെൻസ് ഗുസ്മാനെതിരായ അട്ടിമറിക്ക് സി.ഐ.എ പിന്തുണ നൽകി. ഇതിന്റെ ഫലമായി ഗ്വാട്ടമാല, ദീർഘകാല സൈനിക ഭരണത്തിന്റെയും രാഷ്ട്രീയ അസ്ഥിരതയുടെയും പാതയിലായി.
1959-1961: ക്യൂബ
ഏകാധിപതിയായ ബാറ്റിസ്റ്റയെ വിപ്ലവത്തിലൂടെ താഴെയിറക്കി അധികാരമേറിയ ഫിദൽ കാസ്ട്രോയെ അട്ടിമറിക്കാൻ അമേരിക്ക നടത്തിയ പരിശ്രമം പരാജയപ്പെട്ടു. ലാറ്റിനമേരിക്കയിൽ യു.എസിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ഇതു മാറി. ‘ബേ ഓഫ് പിഗ്സ്’ എന്നായിരുന്നു, 1961ലെ സി.ഐ.എ അട്ടിമറിയുടെ പേര്.
1964: ബ്രസീൽ
രാജ്യത്ത് അധികാരത്തിലേറിയ ഇടതു പ്രസിഡന്റ് ജോവോ ഗൗലാർട്ട് യു.എസ് നടത്തിയ അട്ടിമറിയിൽ സ്ഥാനഭ്രഷ്ടനായി. തുടർന്നിങ്ങോട്ട് 1985 വരെ ബ്രസീൽ സൈനിക ഭരണത്തിനു കീഴിലായി.
1965: ഡൊമിനിക്കൻ റിപ്പബ്ലിക്
ഇടതു നേതാവായ പ്രസിഡന്റ് ജുവാൻ ബോഷിന്റെ തിരിച്ചുവരവ് തടയാനായി, മേഖലയിൽ ‘രണ്ടാമത്തെ ക്യൂബ’ ഉണ്ടാകുമെന്ന് പ്രചാരണം നടത്തി യു.എസ് സൈന്യം രാജ്യത്ത് നേരിട്ട് ഇടപെട്ടു. തുടർന്ന് യു.എസ് അനുകൂല സർക്കാറിനെ പ്രതിഷ്ഠിച്ചു.
1961-1963: എക്വഡോർ
യു.എസ് പിന്തുണച്ച കമ്യൂണിസ്റ്റ് സർക്കാർ വിരുദ്ധ നീക്കങ്ങൾ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചു. ഇതിനൊടുവിലായി സൈനിക അട്ടിമറിയിലൂടെ ഭരണമാറ്റം. ഇതോടെ എക്വഡോർ ക്യൂബൻ ബന്ധം വിച്ഛേദിക്കുകയും വാഷിങ്ടണുമായി കൂടുതൽ അടുക്കുകയും ചെയ്തു.
1964-1970: ബൊളീവിയ
തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കാൻ സി.ഐ.എ സഹായിച്ചു. അമേരിക്കൻ കമ്പനികളെ ദേശസാത്കരിച്ച പ്രസിഡന്റ് ഹുവാൻ ഹോസെ ടോറസിനെ നിർവീര്യമാക്കാനും യു.എസ് സജീവമായി ഇടപെട്ടു.
1960-1973: ഉറുഗ്വായ്
ഇടതുപക്ഷ ഗ്രൂപ്പുകളെ അടിച്ചമർത്താൻ യു.എസ് സുരക്ഷാസഹായവും രഹസ്യാന്വേഷണ സഹകരണവും നൽകി. ഇതിന്റെ ഫലമായി 1973ൽ സൈനികഭരണം.
1970-1973: ചിലി
പ്രസിഡന്റ് സാൽവദോർ അലൻഡെയെ അട്ടിമറിക്കാൻ സി.ഐ.എ പ്രതിപക്ഷത്തിന് ധനസഹായവും രാഷ്ട്രീയ സഹായവും നൽകി. 1973ൽ ജനറൽ അഗസ്റ്റോ പിനോഷെ നടത്തിയ സൈനിക അട്ടിമറി. ഇതുവഴി ചിലിയിൽ 17 വർഷം നീണ്ട അമേരിക്കൻ പാവ ഭരണം.
1976: അർജന്റീന
സൈനിക മേധാവികളുടെ അട്ടിമറി ശ്രമത്തിന് യു.എസ് പിന്തുണ. ‘ഡേർട്ടി വാർ’ എന്നറിയപ്പെട്ട ഈ കാലത്ത് ആയിരക്കണക്കിന് പൗരന്മാർ പീഡനത്തിനിരയാവുകയും അപ്രത്യക്ഷമാവുകയും ചെയ്തു.
1980: എൽസാൽവഡോർ
ആഭ്യന്തര യുദ്ധത്തിൽ ഇടപെട്ട്, ‘1981ലെ എൽ മോസോട്ടെ’ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ സേനക്ക് വൻ സഹായം നൽകി.
1980: നികരാഗ്വ
സാൻഡിനിസ്റ്റ സർക്കാറിനെതിരെ ‘കൊൻട്ര’ കലാപകാരികൾക്ക് അമേരിക്ക രഹസ്യമായി സഹായം നൽകി.
1983: ഗ്രനേഡ
കമ്യൂണിസ്റ്റ് ഭരണവും ക്യൂബൻ സ്വാധീനവും ചൂണ്ടിക്കാട്ടി അമേരിക്ക നേരിട്ട് സൈനിക അധിനിവേശം നടത്തി തങ്ങൾക്ക് അനുകൂലമായ സർക്കാറിനെ സ്ഥാപിച്ചു.
1989: പാനമ
സൈനിക ഭരണാധികാരി മാനുവൽ നൊറിയേഗയെ അട്ടിമറിക്കാൻ പാനമയിൽ യു.എസ് ആക്രമണം. ഇതോടെ നൊറിയേഗ പുറത്തായി. അങ്ങനെ പാനമ കനാൽ മേഖലയിൽ അമേരിക്കൻ സ്വാധീനം വീണ്ടും ഉറപ്പിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

