ഇസ്രായേലിന്റെ പങ്കാളിത്തത്തിൽ പ്രതിഷേധിച്ച് ‘യൂറോവിഷന്’ ട്രോഫി തിരികെ നൽകി കഴിഞ്ഞ വർഷത്തെ ജേതാവ്
text_fields‘യൂറോവിഷൻ’ സംഗീത പരിപാടിയിൽ ഇസ്രായേലിനെ തുടർന്നും പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ട്രോഫി തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വർഷത്തെ ഗാന മത്സര വിജയി നീമോ.
മത്സരത്തിൽ ഇസ്രായേലിന്റെ പങ്കാളിത്തം മത്സരം പ്രതിനിധാനം ചെയ്യുന്ന ഐക്യം, ഉൾകൊള്ളൽ സംസ്കാരം, മനുഷ്യാന്തസ്സ് എന്നീ ആശയങ്ങളും തമ്മിൽ വ്യക്തമായ സംഘർഷം നിലനിൽക്കുന്നുവെന്ന് 26 വയസ്സുള്ള സ്വിസ് താരം പറഞ്ഞു. ‘ദി കോഡ്’ എന്ന ഗാനത്തിലൂടെ യൂറോവിഷൻ ട്രോഫി ഉയർത്തിയ ആദ്യത്തെ ‘നോൺ ബൈനറി’ പെർഫോമറായിരുന്നു നീമോ. തന്റെ ലൈംഗിക സ്വത്വം ആണോ പെണ്ണോ എന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല.
ഒരു വ്യക്തി എന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും എല്ലാത്തിനും തനിക്ക് വളരെയധികം നന്ദിയുണ്ടെന്നും ഇന്ന് ഈ ട്രോഫി തന്റെ ഷെൽഫിൽ വെക്കാനുള്ളതല്ലെന്ന് താൻ കരുതുന്നുവെന്നും നീമോ പറഞ്ഞു. തുടർന്ന്, ട്രോഫി ഒരു കാർഡ്ബോർഡ് പെട്ടിയിൽ വെക്കുന്നതിന്റെ വിഡിയോയും നിമോ പോസ്റ്റ് ചെയ്തു. അത് ജനീവയിലെ ഇ.ബി.യുവിന്റെ ആസ്ഥാനത്തേക്ക് തിരികെ അയക്കുമെന്ന് അവർ പറഞ്ഞു.
തീരുമാനത്തിൽ ദുഃഖിക്കുന്നു എന്നും നീമോയുടെ വീക്ഷണങ്ങളെ ബഹുമാനിക്കുന്നു എന്നും യൂറോവിഷൻ ഗാനമത്സരത്തിന്റെ ഡയറക്ടർ മാർട്ടിൻ ഗ്രീൻ പ്രതികരിച്ചു.
ഗസ്സയിലെ വംശഹത്യാ യുദ്ധവും ഈ വർഷത്തെ പരിപാടിക്കിടെയുണ്ടായ വോട്ടെടുപ്പ് വിവാദവും മൂലം യൂറോവിഷനിലെ ഇസ്രായേലിന്റെ സാന്നിധ്യം വർധിച്ചുവരുന്ന പിരിമുറുക്കത്തിന് വഴിയൊരുക്കിയിരുന്നു. ഇസ്രായേലിന് മത്സരിക്കാൻ അനുമതി ലഭിച്ചതിനാൽ അടുത്ത വർഷത്തെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ഐസ്‌ലാൻഡ്, സ്‌പെയിൻ, അയർലൻഡ്, സ്ലൊവേനിയ, നെതർലാൻഡ്‌സ് എന്നീ അഞ്ച് രാജ്യങ്ങൾ പ്രഖ്യാപിച്ചു.
മത്സരത്തിൽ തന്നെ തുടരാനുള്ള തീരുമാനത്തെ, വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വിമർശകർക്കെതിരായ വിജയം എന്നാണ് ഇസ്രായേൽ മുമ്പ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെ ഇപ്പോഴും പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാനുള്ള യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂനിയന്റെ (ഇ.ബി.യു) തീരുമാനം അതിന്റെ അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ നീമോ പറഞ്ഞു.
യു.എന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷൻ ഒരു വംശഹത്യയാണെന്ന് നിഗമനം ചെയ്തിരിക്കെ, സംഗീത മത്സരത്തിൽ ഇസ്രായേലിന്റെ പങ്കാളിത്തം ആ ആദർശങ്ങളും ഇ.ബി.യു എടുത്ത തീരുമാനവും തമ്മിലുള്ള വ്യക്തമായ വൈരുധ്യം കാണിക്കുന്നുവെന്നും സെപ്റ്റംബറിൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിനെ പരാമർശിച്ച് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

