ഹിന്ദ് റജബിന്‍റെയും കുടുംബത്തിന്‍റെയും കൊലപാതകത്തിന് ഉത്തരവാദികളായ അവസാന കമാൻഡറെയും ഹിസ്ബുല്ല വധിച്ചു
text_fieldsഗസ്സ: ലോക മനഃസാക്ഷിയെ കണ്ണീരിലാഴ്ത്തിയ ഗസ്സയിലെ അഞ്ചുവയസ്സുകാരി ഹിന്ദ് റജബിന്റെ നിഷ്ഠൂരമായ കൊലപാതകത്തിന് ഉത്തരവാദികളായ ഇസ്രായേൽ സൈനിക ബറ്റാലിയന്റെ അവസാന കമാൻഡർ ലബനനിൽ ഹിസ്ബുല്ല പോരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദക്ഷിണ ലബനനിൽ കൂട്ടക്കൊല തുടരുന്ന ഇസ്രായേൽ അധിനിവേശ സേനയുടെ 401-ാം ആർമർഡ് ബ്രിഗേഡിന് കീഴിലുള്ള 52-ാം ബറ്റാലിയന്റെ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ ഡോർ ഗെദാലിയ ബെൻ സിംഹോനാണ് കൊല്ലപ്പെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന ടാങ്കിന് നേരെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ ടാങ്കിലുണ്ടായിരുന്ന മറ്റ് മൂന്ന് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
2024 ജനുവരി 29-നാണ് ഇതേ ഇസ്രായേൽ സൈനിക യൂനിറ്റ് അഞ്ചുവയസ്സുകാരിയായ ഹിന്ദിനെയും കുടുംബത്തെയും ക്രൂരമായി വെടിവെച്ചുകൊന്നത്. ഹിന്ദിനെ രക്ഷിക്കാനായി ആംബുലൻസുമായി എത്തിയ ഫലസ്തീൻ റെഡ് ക്രസന്റിലെ രണ്ട് പാരാമെഡിക്കൽ ജീവനക്കാരെയും ഈ യൂണിറ്റ് ബോംബിട്ട് കൊലപ്പെടുത്തിയിരുന്നു. കാറിനുള്ളിൽ കുട്ടികളാണെന്ന് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ, വെറും 13 മുതൽ 23 മീറ്റർ മാത്രം അകലെനിന്നാണ് ഇസ്രായേലി ടാങ്കിൽ നിന്ന് 335 വെടിയുണ്ടകൾ ഹിന്ദിന്റെ കാറിലേക്ക് ഉതിർത്തതെന്ന് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ 'ഫോറൻസിക് ആർക്കിടെക്ചർ' പിന്നീട് സ്ഥിരീകരിച്ചിരുന്നു. ബന്ധുക്കളെല്ലാം വെടിയേറ്റ് മരിച്ച കാറിനുള്ളിൽ നിന്ന്, ചോര വാർന്ന് മണിക്കൂറുകളോളമാണ് ഹിന്ദ് റെഡ് ക്രസന്റ് അധികൃതരെ ഫോണിൽ വിളിച്ച് സഹായത്തിനായി യാചിച്ചത്. "എന്നെ വന്ന് രക്ഷിക്കൂ, എനിക്ക് പേടിയാകുന്നു" എന്ന ഹിന്ദിന്റെ അവസാന ശബ്ദസന്ദേശം ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഹിന്ദ് റജബ് ഫൗണ്ടേഷൻ ഈ ബറ്റാലിയന്റെ ഭീകരതകളെ തുറന്നുകാട്ടുകയും, ഈ കമ്പനിയെ "വാമ്പയർ എംപയർ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കൊലപാതകം നടക്കുമ്പോൾ ഈ യൂണിറ്റിന്റെ ചുമതലയിലുണ്ടായിരുന്ന ഇസ്രായേൽ കമാൻഡർമാരായ ഡാനിയൽ എല്ല, ബെനി അഹരോൻ എന്നിവർക്കും മറ്റ് സൈനികർക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) ഫൗണ്ടേഷൻ പരാതി നൽകിയിട്ടുണ്ട്. ഈ ചോരക്കളിക്ക് നേതൃത്വം നൽകിയ ബറ്റാലിയന്റെ അവസാന കമാൻഡറായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട ബെൻ സിംഹോൻ. അതേസമയം, ഹിന്ദ് റജബിന്റെ കൊലപാതകം നടക്കുമ്പോൾ യൂണിറ്റിന്റെ നേരിട്ടുള്ള ചുമതലയിലുണ്ടായിരുന്ന മറ്റ് പ്രധാന കമാൻഡർമാർ ഇപ്പോഴും നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞ് ഇസ്രായേലിൽ സ്വതന്ത്രരായി വിലസുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

