മണ്ണിനടിയിൽ ഒളിപ്പിച്ചത് 18.5 കിലോ വെള്ളി; റെബിൽഡിൽ കണ്ടെത്തിയത് വൈക്കിങ് കാലത്തെ സമ്പത്തിന്റെ വൻ ശേഖരം
text_fieldsതന്‍റെ തോട്ടത്തിൽ പുതിയ ഇരിപ്പിടം നിർമിക്കാന്‍ മണ്ണൊരുക്കുന്നതിനിടെയാണ് വീട്ടുടമ അത് ശ്രദ്ധിച്ചത്. കുഴിയെടുക്കുന്ന ആയുധം എന്തോ ലോഹവസ്തുവിൽ തട്ടി. ആദ്യം പഴയ ഇരുമ്പുകഷണമാണെന്നാണ് കരുതിയത്. എന്നാൽ മണ്ണിനടിയിൽ നിന്ന് ഒന്നിന് പിന്നാലെ ഒന്നായി പുറത്തുവന്നത് നാണയങ്ങളും വെള്ളിക്കട്ടികളും ആഭരണങ്ങളും. ഒടുവിലാകട്ടെ അത് ഡെൻമാർക്കിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ വൈക്കിങ് കാലത്തെ വെള്ളിനിധി. 18.5 കിലോഗ്രാം ഭാരമുള്ള ഈ വെള്ളിനിധി വൈക്കിങ്ങുകളുടെ സമ്പത്ത് ശേഖരണത്തിന്‍റെ രീതി മുതൽ അവരുടെ വ്യാപാരബന്ധങ്ങളെപ്പറ്റിയുള്ള സൂചനകളാണ് നൽകുന്നത്.
ഡെന്‍മാർക്കിലെ റെബിൽഡിൽ നിന്നാണ് നിധിശേഖരം ലഭിച്ചത്. ഏകദേശം 700 ഓളം വസ്തുക്കളും അവയുടെ ഭാഗങ്ങളും ഈ നിധിയിൽ ഉണ്ടായിരുന്നു. നിരവധി വെള്ളിക്കട്ടികൾ, വളകൾ, പൂർണരൂപത്തിലുള്ള 47 നാണയങ്ങളും നാണയക്കഷണങ്ങളും, ചെറിയൊരു 'തോറിന്റെ ചുറ്റിക' രൂപത്തിലുള്ള ആഭരണം, മുറിച്ചെടുത്ത വിവിധ വെള്ളിവസ്തുക്കളുടെ ഭാഗങ്ങൾ എന്നിവയാണ് നിധിശേഖരത്തിലുണ്ടായിരുന്നത്. 6.4 കിലോഗ്രാം ഭാരമുള്ള ഏകദേശം 320 വസ്തുക്കൾ അവ സൂക്ഷിച്ചിരുന്ന മൺപാത്രത്തിനകത്തുതന്നെയുണ്ടായിരുന്നു. ശേഷിച്ചവ സമീപത്തെ മണ്ണിൽ ചിതറിക്കിടക്കുകയായിരുന്നു. 'ടെർസ്ലെവ് നിധി'യാണ് ഇതിന് മുമ്പ് ഡെന്‍മാർക്കിൽ കണ്ടെത്തിയ വൈക്കിങ് നിധി. അതിൽ ഏകദേശം 6.5 കിലോഗ്രാം വെള്ളിയായിരുന്നു ഉണ്ടായിരുന്നത്. ഈ പുതിയ റെബിൽഡ് നിധിക്ക് അതിന്റെ ഏകദേശം മൂന്നിരട്ടി വലുപ്പമുള്ളതാണ്.
വൈക്കിങ്ങുകളുടെ സമ്പത്തിനെക്കുറിച്ച് ഈ നിധി നൽകുന്ന സൂചനകൾ
വെള്ളിക്കട്ടികൾ, ആഭരണങ്ങൾ, മുറിച്ചെടുത്ത വെള്ളിക്കഷണങ്ങൾ എന്നിവയാണ് റെബിൽഡിൽ നിന്ന് ലഭിച്ച നിധിയുടെ പ്രത്യേകത. ഇത് മനോഹരമായ വസ്തുക്കളുടെ ഒരു ശേഖരം മാത്രമായിരുന്നില്ലെന്നും വെള്ളിയുടെ ഭാരം അടിസ്ഥാനമാക്കി ക്രമീകരിച്ച ഒരു സമ്പത്ത് ശേഖരമായിരിക്കാമെന്നും പുരാവസ്തു വിദഗ്ധർ വിലയിരുത്തുന്നു.
വൈക്കിങ് കാലഘട്ടത്തിൽ പണമിടപാടിനുള്ള മാർഗമായും സമ്പത്ത് ശേഖരമായും വെള്ളി ഉപയോഗിച്ചിരുന്നു. ആവശ്യത്തിനനുസരിച്ച് വെള്ളിവസ്തുക്കൾ ചെറിയ കഷണങ്ങളാക്കി മുറിക്കുകയോ ഉരുക്കുകയോ ചെയ്യും. രൂപത്തേക്കാൾ അതിലുള്ള വെള്ളിയുടെ ഭാരത്തിനും ശുദ്ധിക്കുമായിരുന്നു പ്രാധാന്യം.
നിധിയിൽ അറബി നാണയങ്ങളും ആംഗ്ലോ-സാക്സൺ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. വൈക്കിങ് കാലത്തെ ഡെൻമാർക്കിന് വിവിധ പ്രദേശങ്ങളുമായി ഉണ്ടായിരുന്ന വ്യാപകമായ വ്യാപാര-സാംസ്കാരിക ബന്ധങ്ങളുടെ തെളിവുകളാണിവ.
899 മുതൽ 924 വരെ ഇംഗ്ലണ്ട് ഭരിച്ച എഡ്വേർഡ് ദി എൽഡറുടെ ഭരണകാലത്ത് നിർമിച്ച രണ്ട് ആംഗ്ലോ-സാക്സൺ വെള്ളിനാണയങ്ങളും നിധിയിലുണ്ട്. നിധി മണ്ണിനടിയിൽ ഒളിപ്പിച്ച കാലം നിർണയിക്കാൻ ഈ നാണയങ്ങൾ നിർണായകമാണ്. കാരണം, ഈ നാണയങ്ങൾ പ്രചാരത്തിലെത്തിയ ശേഷമേ നിധി അടക്കം ചെയ്തിരിക്കാനാകൂ.
1971ൽ റെബിൽഡിന് സമീപം വലിയൊരു വെള്ളിനിധി കണ്ടെത്തിയിരുന്നു. അതിനെയും 'റെബിൽഡ് നിധി' എന്നാണ് അറിയപ്പെടുന്നത്. ഒമ്പതാം നൂറ്റാണ്ടിലേതെന്ന് കണക്കാക്കുന്ന ആ ശേഖരത്തിൽ വെള്ളിക്കട്ടികൾ, ആഭരണങ്ങൾ, ചെറിയ വെള്ളിക്കഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഏകദേശം നാല് കിലോഗ്രാം ഭാരമുള്ള നിധി മൃഗത്തിന്റെ തോലിൽ പൊതിഞ്ഞ നിലയിലാണ് മണ്ണിനടിയിൽ സൂക്ഷിച്ചിരുന്നത്.
ഇതുകൂടാതെ റെബിൽഡിനോടടുത്ത വിശാല പ്രദേശത്ത് അടുത്തിടെ കണ്ടെത്തിയ 'റോൾഡ് നിധി'യും ശ്രദ്ധേയമാണ്. വൈക്കിങ് കാലഘട്ടത്തിലെ കേടുപാടുകളില്ലാത്ത ആറ് സ്വർണ കൈവളകളാണ് അതിൽ ഉണ്ടായിരുന്നത്. ഇവയുടെ ആകെ ഭാരം 762.5 ഗ്രാം ആയിരുന്നു. ഈ കണ്ടെത്തലുകളെല്ലാം ചേർത്തുവെക്കുമ്പോൾ വൈക്കിങ് കാലഘട്ടത്തിൽ റെബിൽഡ് പ്രദേശം സമ്പന്നവും വ്യാപാരബന്ധങ്ങളിൽ നിർണായകവുമായ കേന്ദ്രമായിരുന്നിരിക്കാമെന്ന സൂചനയാണ് പുരാവസ്തു ഗവേഷകർക്ക് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

