ഗസ്സയെ സഹായിക്കാൻ എളുപ്പമുള്ള റോഡുപേക്ഷിച്ച് എയർഡ്രോപ്പും സമുദ്ര ഇടനാഴിയും പരീക്ഷിക്കുന്നു -യു.എൻ.ആർ.ഡബ്ല്യു.എ
text_fieldsഗസ്സ: ഇസ്രായേൽ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗസ്സയിൽ സഹായമെത്തിക്കാൻ എളുപ്പ വഴി റോഡാണെന്ന് ഫലസ്തീനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ. ‘ഗസ്സയിലേക്ക് എന്തെങ്കിലും സഹായംലഭിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ, സഹായം എത്തിക്കുന്നതിനുള്ള ലളിതവും കാര്യക്ഷമവുമായ റോഡ് മാർഗത്തെ ഉപേക്ഷിച്ച് എയർഡ്രോപ്പിലും സമുദ്ര ഇടനാഴികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്’ - യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.
ഇസ്രായേലിനെ ഗസ്സ മുനമ്പുമായി ബന്ധിപ്പിക്കുന്ന ധാരാളം റോഡ് ക്രോസിങ്ങുകൾ ഉണ്ടെന്നും അവയിലൂടെ സഹായം എത്തിക്കാമെന്നും അവർ അൽ ജസീറയോട് പറഞ്ഞു. യുദ്ധത്തിന് മുമ്പ് വാണിജ്യ സാമഗ്രികൾ ഉൾപ്പെടെ പ്രതിദിനം 500 ട്രക്കുകൾ പതിവായി ഇതുവഴി എതിയിരുന്ന കാര്യവും ജൂലിയറ്റ് ടൂമ ഓർമിപ്പിച്ചു.
ഗസ്സയിൽ ആക്രമണം രൂക്ഷമായതോടെ വളരെ കുറച്ച് സഹായം മാത്രമാണ് ലഭിക്കുന്നത്. .എൻ.ആർ.ഡബ്ല്യു.എയ്ക്കും മറ്റ് യുഎൻ ഏജൻസികൾക്കും ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ജൂലിയറ്റ് പറഞ്ഞു.
ഗസ്സയിൽ പട്ടിണി മരണം രൂക്ഷമായതോടെ സഹായമെത്തിക്കാനായി വൻശക്തി രാജ്യങ്ങളുടെ നേതൃത്വത്തിൽ സമുദ്ര ഇടനാഴി സജ്ജീകരിക്കുന്ന പദ്ധതി മുന്നോട്ടുപോകുന്നുണ്ട്. യൂറോപ്യൻ യൂനിയൻ, യു.കെ, യു.എസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഗസ്സയിലേക്ക് നേരിട്ട് സഹായമെത്തിക്കാൻ സമുദ്ര ഇടനാഴി തുറക്കുന്നത്. ഇതിൽ യു.എ.ഇയും പങ്കാളിയാകുമെന്നറിയിച്ചിരുന്നു.
പദ്ധതിയുടെ പരീക്ഷണാർഥം വെള്ളിയാഴ്ച ഒരു സഹായക്കപ്പൽ പുറപ്പെട്ടതായി മുതിർന്ന യൂറോപ്യൻ യൂനിയൻ വക്താവ് സൈപ്രസിൽ വെളിപ്പെടുത്തി. തടസ്സങ്ങളില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ സഹായക്കപ്പലുകൾ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സൈപ്രസ് സമുദ്ര ഇടനാഴി എന്ന പേരിലാണ് കടൽ വഴി സഹായമെത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.
നേരത്തേ വ്യോമമാർഗം ഈജിപ്തിൽ എത്തിച്ച് റഫ അതിർത്തി വഴിയാണ് ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തിയിരുന്നത്. എന്നാൽ, അതിർത്തികളിൽ ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കരമാർഗമുള്ള കടത്ത് പ്രതിസന്ധിയിലായി. അതിർത്തി തുറക്കാൻ ലോക രാഷ്ട്രങ്ങൾ സമ്മർദം ചെലുത്തണമെന്നുള്ള ആവശ്യം ഫലപ്രദമായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ വ്യോമമാർഗം എയർ ഡ്രോപ് ചെയ്ത് സഹായ വസ്തുക്കൾ എത്തിച്ചിരുന്നു. എന്നാൽ, ഇന്നലെ എയർ ഡ്രോപ്പിനിടെ ഭക്ഷ്യചാക്കുകൾ തലയിൽ വീണ്ട് 6 പേർ മരിച്ചതോടെ ഇതും ദുരന്തമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

