Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘നിർത്തൂ വംശഹത്യ...ഞാൻ...

‘നിർത്തൂ വംശഹത്യ...ഞാൻ ഫലസ്തീനൊപ്പം’, കഫിയ്യ അണിഞ്ഞ് കൈറി ഇർവിങ് എത്തിയതുകണ്ട് അതിശയിച്ച് യു.എസ് കായികലോകം

text_fields
bookmark_border
Kyrie Irving
cancel
camera_alt

കൈറി ഇർവിങ് കഫിയ്യയണിഞ്ഞ് വാർത്താസമ്മേളനത്തിൽ

ന്യൂയോർക്ക്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങൾ പ്രതിഷേധവുമായി അമേരിക്കൻ ബാസ്കറ്റ്ബാൾ താരം കൈറി ഇർവിങ്. ആധുനിക ബാസ്കറ്റ്ബാളിലെ അറിയപ്പെടുന്ന താരങ്ങളിലൊരാളായ കൈറി മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഫലസ്തീൻ ചെറുത്തുനിൽപിന്റെ പ്രതീകമായ കഫിയ്യ ഷാൾ തലയിണിഞ്ഞാണ് പ​ങ്കെടുത്തത്. ഫലസ്തീനോടുള്ള ഐക്യദാർഢ്യത്തിന്റെ ശക്തമായ സൂചനയായാണ് കഫിയ്യ അണിഞ്ഞത്. ഗസ്സയിലെ ക്രൂരതകൾക്ക് ഇസ്രായേലിന് പിന്തുണ നൽകുന്ന യു.എസ് നിലപാടിൽ രാജ്യത്ത് രോഷം വർധിച്ചുവരുന്നതിന്റെ തെളിവാണ് കൈറിയു​ടെ ശക്തമായ പ്രതിഷേധം.

എട്ടു തവണ എൻ.ബി.എ ആൾസ്റ്റാറായ കൈറി ലീഗിലെ സുപ്രധാന താരങ്ങളിൽ ഒരാളാണ്. 2016ൽ ​െക്ലവ്‍ലാൻഡ് കവാലിയേഴ്സിനൊപ്പം എൻ.ബി.എ കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു. എൻ.ബി.എയിൽ 12 വർഷത്തെ അനുഭവ സമ്പത്തുള്ള താരം കവാലിയേഴ്സിനു പുറമെ ബോസ്റ്റൺ സെൽറ്റിക്സ്, ബ്രൂക്‍ലിൻ നെറ്റ്സ് എന്നിവക്കുവേണ്ടിയും കളിച്ചു. ഈ വർഷം ആദ്യത്തിലാണ് മാവെറിക്സിലേക്ക് മാറിയത്.

എൻ.ബി.എയും നിലവിലെ ടീമായ മാവെറിക്സും ഫലസ്തീനെതിരായ ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേരുന്നവരാണെന്നതിനിടയിലാണ് മർദിതർക്കുവേണ്ടി ധീരമായ നിലപാടുമായി കൈറി രംഗത്തുവന്നതെന്നതാണ് ശ്രദ്ധേയം. വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളൊന്നും കൈറിയോട് ഉന്നയിക്ക​പ്പെട്ടില്ല. മത്സരസംബന്ധമായി മാത്രമാണ് താരം വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.

ഗസ്സക്കനുകൂലമായുള്ള കൈറിയുടെ ആദ്യ ഐക്യദാർഢ്യമായിരുന്നില്ല വാർത്താസമ്മേളനത്തിലേത്. വെള്ളിയാഴ്ച ടീമി​ന്റെ പരിശീലന സെഷനിലെ ഫോട്ടോകൾ മാവെറിക്സ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൈറി ധരിച്ച ഷൂവിൽ ​​‘നോ മോർ ജെനോസൈഡ്’ (നിർത്തൂ..വംശഹത്യ) എന്ന സ​ന്ദേശം ആലേഖനം ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ വിവാദ പോസ്റ്റിട്ടതിന് നൈക്കി താരവുമായുള്ള കരാർ നേരത്തേ റദ്ദാക്കിയിരുന്നു. ശേഷം ചൈനീസ് ഷൂ ബ്രാൻഡായ അന്റയുമായാണ് കൈറി കരാർ ഒപ്പിട്ടിരിക്കുന്നത്.

ആസ്ട്രേലിയയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ കൈറി ഇർവിങ് മുമ്പും തന്റെ നിലപാടുകളാൽ ശ്രദ്ധേയനായിരുന്നു. ഒരു വർഷം മുമ്പ് സെമിറ്റിക് വിരുദ്ധ പരാമർശം നടത്തിയതിന് മുൻ ക്ലബായ ബ്രൂക്‍ലിൻ നെറ്റ്സ് അഞ്ചു മത്സരങ്ങളിലെ പ്രതിഫലം താരത്തിന് നൽകാൻ വിസമ്മതിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ സെമിറ്റിക് വിരുദ്ധ പോസ്റ്റിന് മാപ്പുപറയാൻ പക്ഷേ, താരം തയാറായിരുന്നില്ല. കഫിയ്യയണിഞ്ഞെത്തിയതിന് പിഴയും മറ്റു നടപടികളുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നതിനിടയിലും കൈറിയുടെ ധീരതയിൽ അതിശയിക്കുകയാണ് യു.എസ് കായികലോകം.

Show Full Article
TAGS:Israel Palestine ConflictWorld NewsLatest Malayalam NewsSupport PalestineKyrie IrvingKeffiyeh
News Summary - Kyrie Irving polarizes NBA fans by wearing keffiyeh, openly showing support for Palestine
Next Story