ലണ്ടനിലെ ഇസ്രായേൽ എംബസി ആക്രമണശ്രമം; കുവൈത്ത് പൗരന് ജീവപര്യന്തം തടവ്
text_fieldsലണ്ടനിലെ ഇസ്രായേൽ എംബസിയിലേക്ക് അതിക്രമിച്ചു കയറി ഭീകരാക്രമണം നടത്താൻ ശ്രമിച്ച കുവൈത്ത് പൗരന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. അബ്ദുല്ല സബാഹ് അൽബദ്രിയെയാണ് (34) ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതി ശിക്ഷിച്ചത്. കുറഞ്ഞത് 20 വർഷമെങ്കിലും തടവുശിക്ഷ അനുഭവിച്ചാൽ മാത്രമേ ഇയാൾക്ക് പരോളിന് പോലും അർഹതയുണ്ടാകൂ. എംബസിയുടെ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിക്കവെ സായുധരായ ഡെപ്ലോമാറ്റിക് പ്രൊട്ടക്ഷൻ പൊലീസാണ് ഇയാളെ പിടികൂടിയത്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്റെ കൈവശം ആയുധങ്ങളുണ്ടെന്നും കെട്ടിടത്തിനുള്ളിൽ വെച്ച് താൻ കുറ്റകൃത്യം ചെയ്യാൻ ഉദേശിച്ചിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിക്കുന്ന ബോഡി കാമറ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നടന്ന വിചാരണയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നും കൈവശം രണ്ട് കത്തികൾ കരുതിയിരുന്നെന്നുമുള്ള കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളോടുള്ള പ്രതികാരമെന്ന നിലക്കാണ് എംബസി ആക്രമിക്കാൻ പദ്ധതിയിട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി.
അറസ്റ്റിലായ സമയത്ത് താൻ മരണപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പും ഇയാളുടെ കൈയിൽ നിന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിന് തലേദിവസങ്ങളിലായി ആത്മഹത്യാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട അറബിക് പദങ്ങൾ ഇയാൾ ഓൺലൈനിൽ പരതിയതായും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടന്ന ദിവസം വടക്കുപടിഞ്ഞാറൻ ലണ്ടനിലെ കിൽബേണിൽ നിന്ന് കെൻസിങ്ടണിലെ എംബസി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഇയാൾ കാൽനടയായി എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. .
താൻ ഇറാഖ്-കുവൈത്ത് അതിർത്തിയിലെ പൗരത്വമില്ലാത്ത അറേബ്യൻ ബദൂയിൻ ഗോത്രത്തിലാണ് ജനിച്ചതെന്നും, കുവൈത്തിൽ തനിക്ക് മനുഷ്യാവകാശങ്ങളോ പാസ്‌പോർട്ടോ ഉണ്ടായിരുന്നില്ലെന്നും അൽബദ്രി കോടതിയിൽ പറഞ്ഞു. എന്നാൽ പ്രതിയുടെ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞാണ് സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ജീവപര്യന്തം ശിക്ഷ നടപ്പിലാക്കിയത്.
2021ൽ ഫ്രാൻസിൽ നിന്ന് ചെറിയ ബോട്ടിലാണ് ഇയാൾ ആദ്യമായി ബ്രിട്ടനിൽ എത്തിയത്. പിന്നീട് 2025 ഏപ്രിലിലും ഇയാൾ ഇതേ രീതിയിൽ ബ്രിട്ടനിൽ എത്തിയിരുന്നു. ബ്രിട്ടനിൽ എത്തി വെറും 12 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ ഇസ്രായേൽ എംബസി എവിടെയാണെന്ന് ഓൺലൈനിൽ തിരഞ്ഞ് മനസ്സിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

