അധിനിവേശം ഫലസ്തീനികളെ സാരമായി ബാധിക്കുന്നു -കുവൈത്ത്
text_fieldsഅബ്ദുൽ അസീസ് അമാഷ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇസ്രായേലിന്റെ സൈനിക അധിനിവേശം ഫലസ്തീനികളുടെ മാനുഷിക സാഹചര്യത്തെ സാരമായി ബാധിക്കുന്നതായി കുവൈത്ത്. ഫലസ്തീനികളുടെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തെയും അടിസ്ഥാന മനുഷ്യാവകാശങ്ങൾ വിനിയോഗിക്കാനുള്ള കഴിവിനെയും ഈ ഇടപെടൽ ദുരിതത്തിലാക്കുന്നു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചയിൽ കുവൈത്ത് കൗൺസിലർ അബ്ദുൽ അസീസ് അമാഷ് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അധിനിവേശസേന ഗസ്സയുടെ അതിർത്തിയിൽ അന്യായമായ ഉപരോധവും നിരായുധരായ സിവിലിയന്മാർക്കെതിരായ അക്രമവും തുടരുന്നതായി അമാഷ് ചൂണ്ടിക്കാട്ടി. അധിനിവേശസേന നടത്തിയ ലംഘനങ്ങളുടെ എണ്ണവും ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതങ്ങളും സ്ഥിരീകരിക്കുന്ന റിപ്പോർട്ട് അദ്ദേഹം പരാമർശിച്ചു. വീടുകൾ പൊളിക്കൽ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, പ്രവേശനത്തിനും സഞ്ചാരത്തിനുമുള്ള നിയന്ത്രണങ്ങൾ എന്നിവ തുടരുകയാണെന്നും സൂചിപ്പിച്ചു.
പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ ദുരന്തങ്ങളുടെ വർധനക്ക് ലോകം സാക്ഷ്യംവഹിക്കുകയാണെന്നും ഇത് ഐക്യരാഷ്ട്രസഭയുടെ ഭാരം വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തങ്ങളിലും പ്രതിസന്ധികളിലും ഐക്യരാഷ്ട്രസഭ നൽകുന്ന സഹായം ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലുള്ള ഐക്യരാഷ്ട്രസഭയുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

