കുഷ്നറും നെതന്യാഹുവിനെ കൈവിടുന്നു; ഇസ്രായേൽ പ്രധാനമന്ത്രി ഗസ്സ പദ്ധതിക്ക് തടസം നിൽക്കുന്നതായി വിമർശനം
text_fieldsജറുസലേം: ഗസ്സയുടെ ഭാവി സംബന്ധിച്ച യു.എസ് പിന്തുണയുള്ള പദ്ധതിയെച്ചൊല്ലി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നറും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ടുകൾ. ഗസ്സ പദ്ധതി നടപ്പാക്കുന്നതിന് നെതന്യാഹു തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് ജാരഡ് കുഷ്നർ ആരോപിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് യു.എസ് പിന്തുണയുള്ള ഗസ്സ പദ്ധതി തയ്യാറാക്കുന്നത്. ഗസ്സയെ യുദ്ധാനന്തര പുതിയ ഘട്ടത്തിലേക്ക് മാറ്റുന്നതിനായി അടിയന്തരമായി പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ടത് പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നാണ് പദ്ധതിയെ പിന്തുണക്കുന്നവരുടെ നിലപാട്. എന്നാൽ, രാഷ്ട്രീയമോ ഭരണപരമോ ആയ ക്രമീകരണങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് കർശനമായ സുരക്ഷാ വ്യവസ്ഥകൾ പാലിക്കണമെന്നാണ് നെതന്യാഹുവിന്റെ നിലപാടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിലെ ചർച്ചകളിൽ ഗസ്സയുടെ ഭരണരീതിയിലോ ഘടനയിലോ മാറ്റം വരുത്തുന്നതിനുള്ള ഒരു പദ്ധതിക്കും ഇസ്രായേൽ അംഗീകാരം നൽകില്ലെന്ന് നെതന്യാഹു കുഷ്നറോട് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഗസ്സയുടെ പൂർണമായും സായുധ മുക്തമാക്കുകയെന്ന ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം കൈവരിക്കുന്നതുവരെ ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട് യാതൊരു ക്രമീകരണത്തിനും അംഗീകാരം നൽകില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
ഗസ്സയുടെ സൈനിക വിമുക്തിയുടെ ഭാഗമായി ഫലസ്തീൻ വിഭാഗങ്ങളുടെ കൈവശമുള്ള മുഴുവൻ ആയുധങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും പൂർണമായി തിരിച്ചേൽപിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെടുന്നത്. ഗസ്സയുടെ യുദ്ധാനന്തര ഭരണത്തിനും പുനർനിർമാണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പുതിയ ചട്ടക്കൂട് രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നെതന്യാഹുവും കുഷ്നറും തമ്മിലുള്ള ഭിന്നത പുറത്ത് വരുന്നത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 15 ഇന ഗസ്സ പദ്ധതി നെതന്യാഹു നേരത്തെ തള്ളിയിരുന്നു. ട്രംപ് ഗസ്സ ഭരണം ഏൽപിച്ച സമാധാന സമിതിയുടെ കാർമികത്വത്തിൽ കഴിഞ്ഞ മാസമാണ് 15 ഇന കരാർ പ്രഖ്യാപിച്ചത്. ഹമാസിന്റെ സമ്പൂർണ നിരായുധീകരണവും ഇസ്രായേൽ സൈനിക പിന്മാറ്റവും സംബന്ധിച്ച് ധാരണയിലെത്തിയെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിരായുധീകരിക്കാൻ സമ്മതം അറിയിച്ച ഹമാസ് പക്ഷേ, ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ അതിനില്ലെന്ന് അറിയിച്ചിരുന്നു. ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിക്ക് കനത്ത ആഘാതമാണ് ഇസ്രായേൽ പിന്മാറ്റം. കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ സമാധാന സമിതിയെ വെക്കലും ഹമാസ് നിരായുധീകരണവുമടക്കം സുപ്രധാന വ്യവസ്ഥകളടങ്ങുന്നതായിരുന്നു 15 ഇന സമാധാന പദ്ധതി. ഇസ്രയേലിന് വലിയ പിന്തുണ നൽകിവരുന്ന ജൂത വംശജൻ കൂടിയായ കുഷ്നർ കൂടി എതിർക്കുന്നതോടെ നെതന്യാഹുവിനുള്ള യു.എസ് ഭരണത്തിലെ സ്വധീനം കുത്തനെ ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

