കൊസോവോ-സെർബിയ സംഘർഷം; യൂറോപ് വീണ്ടും യുദ്ധ ഭീതിയിൽ
text_fieldsസെർബിയൻ പ്രതിരോധ മന്ത്രി മിലോസ് വുചെവിചും സൈനിക മേധാവി മിലാൻ മൊജ്സിലോവിചും കൊസോവോ അതിർത്തിയിൽ
ബെൽഗ്രേഡ്: റഷ്യ- യുക്രെയ്ൻ യുദ്ധക്കെടുതികൾ അനുഭവിക്കുന്ന യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി സെർബിയ- കൊസോവോ സംഘർഷം. സെർബിയയിൽനിന്ന് വേർപിരിഞ്ഞ് സ്വതന്ത്രമായ കൊസോവോക്കെതിരെ സൈന്യത്തെ അണിനിരത്തിയ സെർബിയൻ നീക്കമാണ് യുദ്ധഭീതി വിതക്കുന്നത്.
അൽബേനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള കൊസോവോയിലെ സെർബിയൻ വംശജരെ സംരക്ഷിക്കാനെന്ന കാരണം പറഞ്ഞാണ് സൈന്യത്തെ അതിർത്തിയിൽ കൂടുതലായി വിന്യസിച്ചത്. കൊസോവൻ അതിർത്തിയിലെ സൈനികരുടെ എണ്ണം 5000 ആയി ഉയർത്താനും അർധ സൈനിക വിഭാഗങ്ങളെ തയാറാക്കി നിർത്താനും സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വൂചിച് നിർദേശിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് നാറ്റോയും യൂറോപ്യൻ യൂനിയനും ശ്രമം നടത്തുന്നുണ്ട്. കൊസോവോയിലുള്ള 3700 സമാധാന സംരക്ഷണ സൈനികർ ജാഗ്രത പുലർത്തുന്നുണ്ട് -നാറ്റോയും യൂറോപ്യൻ യൂനിയനും വ്യക്തമാക്കി. കൊസോവോയിലെ സെർബിയയോടുചേർന്ന പ്രദേശങ്ങളിൽ ബെൽഗ്രേഡ് പ്ലേറ്റുള്ള വാഹനങ്ങൾ വിലക്കിയതും തുടർന്ന് സെർബിയൻ വംശജർ റോഡ് തടഞ്ഞതും അടക്കമുള്ള കാര്യങ്ങളാണ് സംഘർഷത്തിലേക്ക് എത്തിക്കുന്നത്.
സെർബിയൻ വംശജർ അടിച്ചമർത്തലും ആക്രമണവും നേരിടുന്നതായി സെർബിയ കുറ്റപ്പെടുത്തിയപ്പോൾ കൊസോവോ ഇത് നിഷേധിച്ചു. 1998-99ലെ രക്തരൂഷിത യുദ്ധത്തിനൊടുവിലാണ് കൊസോവോ സെർബിയയിൽനിന്ന് മോചിതമായത്. അമേരിക്ക അടക്കം ലോകരാജ്യങ്ങൾ കൊസോവോയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചെങ്കിലും സെർബിയ തയാറായില്ല. തങ്ങളുടെ മുൻ പ്രവിശ്യകൾ രാജ്യത്തിന്റെ ഭാഗമാണെന്ന റഷ്യ, ചൈന നിലപാടുകൾക്ക് സമാനമാണ് സെർബിയ സ്വീകരിക്കുന്ന നയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

