‘കീഴടങ്ങുന്നതിലും നല്ലത് മരണം’; റഷ്യയിൽ ആത്മഹത്യ ചെയ്ത ഉത്തരകൊറിയൻ സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ
text_fieldsകിം ജോങ് ഉൻ
സിയോൾ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ശത്രുക്കൾക്ക് പിടികൊടുക്കാതെ ആത്മഹത്യ ചെയ്ത ഉത്തരകൊറിയൻ സൈനികരെ വീരനായകന്മാരെന്ന് വിശേഷിപ്പിച്ച് ഭരണാധികാരി കിം ജോങ് ഉൻ. യുക്രെയ്ൻ സേനയുടെ പിടിയിലാകുന്നത് ഒഴിവാക്കാൻ സൈനികർ സ്വയം സ്ഫോടനം നടത്തിയും മറ്റും ജീവനൊടുക്കിയ നടപടിയെ കിം പരസ്യമായി പ്രകീർത്തിച്ചു. റഷ്യയിലെ കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കിമ്മിന്റെ വിവാദ പരാമർശം.
"രാജ്യത്തിന്റെയും വ്യക്തിയുടെയും അന്തസ്സ് സംരക്ഷിക്കാൻ സ്വയം നശിക്കാനും ആത്മഹത്യ ചെയ്യാനും മടിക്കാത്തവർ മാത്രമല്ല, യുദ്ധമുഖത്ത് മുന്നിൽനിന്ന് പോരാടി വീണവരും നമ്മുടെ ഹീറോകളാണ്," കിം പ്രസംഗത്തിൽ പറഞ്ഞു. പരിക്കേറ്റ് മരണത്തോട് മല്ലടിക്കുന്നവരേക്കാൾ, ദൗത്യം പൂർത്തിയാക്കാൻ കഴിയാത്തതിൽ മനംനൊന്ത് സ്വയം ആത്മഹത്യ ചെയ്യുന്നവരാണ് യഥാർഥ ദേശാഭിമാനികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ഭാഗത്തുനിന്ന് യുക്രെയ്നിനെതിരെ പോരാടാൻ കുർസ്ക് മേഖലയിലേക്ക് ഏകദേശം 14,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചിട്ടുള്ളത്. എന്നാൽ യുദ്ധത്തിൽ ഇതുവരെ 6,000-ത്തിലധികം ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് ദക്ഷിണ കൊറിയൻ, യുക്രെയ്ൻ ഇന്റലിജൻസ് ഏജൻസികളുടെ കണക്ക്. യുദ്ധത്തടവുകാരാകുന്നത് ഒഴിവാക്കാൻ സൈനികർ സ്വയം പൊട്ടിത്തെറിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
യുക്രെയ്ൻ അധിനിവേശത്തിന് പിന്തുണയായി സൈനികരെയും യുദ്ധസാമഗ്രികളും നൽകുന്നതിന് പകരം സാമ്പത്തിക സഹായവും അത്യാധുനിക സൈനിക സാങ്കേതികവിദ്യയുമാണ് റഷ്യയിൽനിന്ന് പ്യോങ്‌യാങ് കൈപ്പറ്റുന്നത്. റഷ്യൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വഴിയാണ് കിമ്മിന്റെ പ്രസംഗം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

