Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘എല്ലാവരെയും...

‘എല്ലാവരെയും കൊന്നുകളയുക’; കരീബിയൻ കടലിലെ വെനസ്വേലൻ ബോട്ടുകൾക്കുനേരെ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ കൊലവിളി പുറത്ത്

text_fields
bookmark_border
‘എല്ലാവരെയും കൊന്നുകളയുക’; കരീബിയൻ കടലിലെ വെനസ്വേലൻ ബോട്ടുകൾക്കുനേരെ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ കൊലവിളി പുറത്ത്
cancel

വാഷിങ്ടൻ: മയക്കുമരുന്ന് കടത്തുകാർക്കെതിരായ നടപടിയുടെ പേരിൽ കരീബിയൻ കടലിൽ യു.എസ് സൈന്യം നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി വാഷിങ്ടൺ പോസ്റ്റ്. ‘എല്ലാവരെയും കൊന്നുകളയാൻ’ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്‌സെത്ത് ആക്രമണത്തിന് വാക്കാലുള്ള ഉത്തരവ് നൽകിയെന്നാണ് റിപ്പോർട്ട്. ഓപറേഷനെക്കുറിച്ച് നേരിട്ട് അറിവുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചാണിത്.

സെപ്റ്റംബർ 2 നാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾ നടന്നത്. അതിനുശേഷവും നാവികസേനയുടെ യുദ്ധക്കപ്പലുകളും ഒരു സ്റ്റെൽത്ത് വിമാനവും വിമാനവാഹിനിക്കപ്പലും കരീബിയൻ കടലിൽ സാന്നിധ്യം തുടരുന്നതിനിടയിലാണ് ഈ സംഭവം പുറത്തു​വന്നത്. ബോട്ടുകൾക്കു നേരെയുള്ള ആക്രമണത്തിലൂടെ കരീബിയൻ രാജ്യമായ വെനസ്വേലയെ ലക്ഷ്യമിട്ട് പ്രസിഡന്റ് ​ഡോണൾഡ് ട്രംപ് യുദ്ധത്തിനും ഭരണ അട്ടിമറിക്കും തുടക്കം കുറിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

ഹെഗ്‌സെത്തിന്റെ ഉത്തരവ് പാലിക്കുന്നതിനായി, ആക്രമണത്തിന് മേൽനോട്ടം വഹിച്ചിരുന്ന സ്‌പെഷൽ ഓപറേഷൻസ് കമാൻഡർ 11 പേരെ വഹിച്ചുകൊണ്ട് പോയ ബോട്ടിൽ ആക്രമണം നടത്താൻ ഉത്തരവിട്ടതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. തൽഫലമായി അതിലുണ്ടായിരുന്നു മുഴുവൻ പേരും കൊല്ലപ്പെട്ടു. അതിനുശേഷവും യു.എസ് മറ്റ് നിരവധി ബോട്ടുകൾ ആക്രമിച്ചുവെന്നും മാധ്യമ റിപ്പോർട്ട് വെളിപ്പെടുത്തി.

എന്നാൽ, റിപ്പോർട്ടിനെ വിമർശിച്ചുകൊണ്ട് ഹെഗ്സെത്ത് തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ രംഗത്തുവന്നു. ‘പതിവുപോലെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ പോരാടുന്ന നമ്മുടെ യോദ്ധാക്കളെ അപകീർത്തിപ്പെടുത്തുന്നതിനായി കൂടുതൽ കെട്ടിച്ചമച്ചതും പ്രകോപനപരവും അവഹേളിക്കുന്നതുമായ റിപ്പോർട്ടിങ് നടത്തുന്നുവെന്ന്’ ഹെഗ്‌സെത്ത് പറഞ്ഞു. ഈ ഫലപ്രദമായ ആക്രമണങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം മാരകമായ മയക്കുമരുന്ന് തടയുക, അമേരിക്കൻ ജനതയെ വിഷലിപ്തമാക്കുന്ന നാർക്കോ-ഭീകരരെ കൊല്ലുക എന്നിവയാണ്. ഞങ്ങൾ കൊല്ലുന്ന ഓരോ മയക്കുമരുന്ന് കടത്തുകാരനും ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബൈഡൻ തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു. ട്രംപ് ഭരണകൂടം അതിർത്തി അടച്ചുപൂട്ടി നാർക്കോ ഭീകരർക്കെതിരെ ആക്രമണം നടത്തി. ഞങ്ങൾ അവരെ നശിപ്പിക്കുകയാണെ’ന്നും ഹെഗ്‌സെത്ത് തുടർന്നു.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാൽ ഇതുവരെ 80ലധികം പേർ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി പറയുന്നു. ബോംബിങ്ങുകൾക്ക് ശേഷം, വെനിസ്വേലയുടെ വിദൂര വടക്കുകിഴക്കൻ സംസ്ഥാനമായ സുക്രേയിൽ പ്രാദേശിക അധികാരികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ നയിക്കുന്ന ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കാർട്ടലുകളുടെ പ്രവർത്തനത്തെ ഈ ആക്രമണങ്ങളിലൂടെ തകർത്തതായാണ് ട്രംപ് ഭരണകൂടത്തി​ന്റെ അവകാശ വാദം. എന്നാൽ, മദൂറോ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

കരീബിയൻ ബോട്ട് ആക്രമണത്തിലെ യു.എസ് സൈന്യത്തിന്റെ നടപടികൾ​ക്കെതിരിൽ വലിയ വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. അവയെ നിയമവിരുദ്ധവും യുദ്ധക്കുറ്റവുമെന്ന് മുദ്രകുത്തുന്നു. ഹെഗ്‌സെത്ത് നൽകിയ ഉത്തരവുകൾ നിയമവിരുദ്ധമാണെന്നും അവയെ കൊലപാതകത്തിന് തുല്യമാണെന്നും നിരവധി അഭിപ്രായങ്ങൾ ഉയർന്നു.

മയക്കുമരുന്ന് കടത്ത് തടയുക എന്നതാണ് ലക്ഷ്യമെന്ന് യു.എസ് വാദിക്കുമ്പോൾ തന്നെ ഒരു ഭരണ അട്ടിമറി ഉണ്ടായേക്കുമെന്ന ആശങ്ക തലസ്ഥാനമായ കാരക്കാസിൽ നിലനിൽക്കുന്നുണ്ട്. നിലവിൽ, ട്രംപ് ഭരണകൂടം വെനിസ്വേലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഒരു പുതിയ ഘട്ടം ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. വെനിസ്വേലൻ നേതാവിനെ സ്ഥാനഭ്രഷ്ടനാക്കുന്നത് ലക്ഷ്യമിട്ടണ് അതെന്ന് രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി പുറത്തുവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us defense secretaryPeter HegsethUS-VenezuelaVenezuelan boat attack
News Summary - 'Kill them all'; US Defense Secretary's death threats against Venezuelan boats in the Caribbean Sea
Next Story