ഖാൻ യൂനുസ് വളഞ്ഞ് സൈന്യം; ഗസ്സയിലെ ആകെ മരണം 16,248
text_fieldsകണ്ണീർപാത്രം.... റഫയിലെ സൗജന്യ വിതരണകേന്ദ്രത്തിൽനിന്ന് ഭക്ഷണം ശേഖരിക്കുന്ന കുട്ടികൾ
ഖാൻ യൂനുസ്: ഹമാസിനെ തകർക്കാനെന്ന പേരിൽ കര-വ്യോമ മാർഗം ഖാൻ യൂനുസ് നഗരം വളഞ്ഞ് ചോരപ്പുഴയൊഴുക്കി ഇസ്രായേൽ സേന. ആക്രമണത്തിൽ പരിക്കേറ്റ് അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 73 പേർ 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങി. ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് ശക്തമായ ചെറുത്തുനിൽപ് നടത്തുന്നതിനാൽ രക്തരൂഷിത പോരാട്ടമാണ് ഗസ്സയിൽ നടക്കുന്നത്. 7,112 കുട്ടികളും 4,885 സ്ത്രീകളുമടക്കം ഗസ്സയിലെ ആകെ മരണം 16,248 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 43,616 പേർക്ക് പരിക്കേറ്റു.
വടക്കൻ ഗസ്സയിൽ ജബലിയ അഭയാർഥി ക്യാമ്പിലെ സ്കൂളിൽ മാരകമായ ഫോസ്ഫറസ് ബോംബുകളടക്കം പ്രയോഗിച്ച് ചൊവ്വാഴ്ച രാത്രി തുടങ്ങിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽ നഫഖ് തെരുവിലും നുസൈറാത് അഭയാർഥി ക്യാമ്പിലും നാലു വീടുകൾക്ക് ബോംബിട്ട് 19 പേരെ കൊലപ്പെടുത്തി. 24 മണിക്കൂറിനിടെ 250 ഇടത്ത് ബോംബിട്ടതായി സൈന്യം അറിയിച്ചു. ഖാൻ യൂനുസ് അടക്കമുള്ള മേഖലകളിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നേരത്തേ സൈന്യം ആവശ്യപ്പെട്ടിരുന്നു. കൈയിൽ കിട്ടിയതുമെടുത്ത് വീടുവിട്ടവർ ഈജിപ്തിനോട് ചേർന്ന റഫ അതിർത്തിയിൽ തെരുവിൽ കഴിയുകയാണ്.
അതേസമയം, ഖാൻ യൂനുസിനു സമീപം ഇസ്രായേൽ സൈനികരുടെ ക്യാമ്പിൽ ഒളിയാക്രമണം നടത്തിയതായും 10 പേരെ കൊലപ്പെടുത്തിയതായും അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. അൽഖുദ്സ് ബ്രിഗേഡും സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇതോടെ കരയുദ്ധം ആരംഭിച്ചതുമുതൽ ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 85 ആയി. വിവിധ ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് ഹമാസ് 15 മിസൈൽ തൊടുത്തു.
എന്നാൽ, ഇസ്രായേൽ യുദ്ധം ജയിക്കുകയാണെന്നും ഹമാസിന്റെ പകുതിയിലധികം സൈനിക കമാൻഡർമാരെ വധിച്ചതായും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. ഹമാസ് നേതാവ് യഹ്യ സിൻവാറിനെ ലക്ഷ്യമിട്ടാണ് ഖാൻ യൂനുസിലെ ആക്രമണമെന്ന് സൂചനയുണ്ട്.
ഇസ്രായേലിന്റെ സുരക്ഷ പരമപ്രധാനമാണെന്നും ഹമാസിനെ നിശ്ശേഷം ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ആക്രമണം നിർത്താതെ ഇനി ബന്ദിമോചനവും ഇസ്രായേലുമായി ചർച്ചയുമില്ലെന്ന നിലപാടിലാണ് ഹമാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

