ഖാംനഈ നവ ഹിറ്റ്‌ലറെന്ന് ഇസ്രായേൽ മന്ത്രി: ‘ആ മനുഷ്യൻ ഇനി നിലനിൽക്കരുതെന്ന് ഐ.ഡി.എഫിന് നിർദേശം നൽകിയിട്ടുണ്ട്’
text_fieldsതെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇല്ലായ്മ ചെയ്യുമെന്ന ഭീഷണിയുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഖാംനിഈ ആധുനിക ഹിറ്റ്‌ലർ ആണെന്നും നിലനിൽക്കാൻ അവകാശമില്ലെന്നും കാറ്റ്സ് പറഞ്ഞു. ഇന്ന് രാവിലെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ നാശനഷ്ടം നേരിട്ട ഹോളോൺ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ഡി.എഫിന്റെ യുദ്ധലക്ഷ്യങ്ങൾ നേടാൻ ഈ മനുഷ്യൻ നിലനിൽക്കരുത് എന്നതിൽ സംശയമില്ല എന്നും കാറ്റ്സ് പറഞ്ഞു. ‘ഇസ്രായേൽ രാഷ്ട്രത്തിന്റെ നാശം തന്റെ പ്രഖ്യാപിത ലക്ഷ്യമാക്കി മാറ്റിയ ഇറാന്റെ തലവൻ ഖാംനിഈയെപ്പോലുള്ള ഒരു സ്വേച്ഛാധിപതിയെ അവിടെ തുടരാൻ അനുവദിക്കാനാവില്ല. ആണവ ഭീഷണി നീക്കം ചെയ്യുക, നാശത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുക, മിസൈൽ ഭീഷണികളെ നിർവീര്യമാക്കുക എന്നിവയാണ് യുദ്ധ ലക്ഷ്യം. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ഈ മനുഷ്യൻ ഇനി നിലനിൽക്കരുതെന്ന് ഐ.ഡി.എഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്’ -പ്രതിരോധ മന്ത്രി പറഞ്ഞു.
‘ഹോളോകോസ്റ്റ് സമയത്ത്, ഇസ്രായേൽ രാഷ്ട്രവും ശക്തമായ പ്രതിരോധ സേനയും നിലനിന്നിരുന്നെങ്കിൽ, ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പദ്ധതി പരാജയപ്പെടുത്താൻ കഴിയുമായിരുന്നു. ജൂത ജനതയുടെ ശത്രുവായ ഹിറ്റ്‌ലറെ പിടികൂടാൻ ഐ.ഡി.എഫിന് കഴിയുമായിരുന്നു. നിലവിൽ ആശുപത്രികളിലും റെസിഡൻഷ്യൽ കെട്ടിടങ്ങളിലും ആക്രമണം നടത്താൻ ഖാംനഈ വ്യക്തിപരമായി ഉത്തരവിട്ടതിന്റെ തെളിവ് നമുക്ക് കാണാൻ കഴിയും. ഇസ്രായേൽ രാഷ്ട്രത്തെ നശിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ഇതിനെ കാണുന്നു” -കാറ്റ്സ് ആരോപിച്ചു.
ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനുള്ള ഇറാന്റെ പ്രത്യാക്രമണത്തിൽ ഇന്ന് ഇസ്രായേലിൽ വ്യാപക നാശനഷ്ടം നേരിട്ടിരുന്നു. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്. ബീർബെഷയിൽ സുറോക്ക ആശുപത്രിയിൽ ഇറാൻ മിസൈൽ പതിച്ചുവെന്ന് ഇസ്രായേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്നും രോഗികളെ മാറ്റി.
ഇവിടെ നാല് കെട്ടിടങ്ങൾ തകർന്നു. ഇറാനിലെ അരാകിൽ ഇസ്രായേൽ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ആണവചോർച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തിൽ കഴിഞ്ഞ ദിവസം രാത്രി ഇറാൻ ദീർഘദൂര മിസൈലായ ‘സിജ്ജീൽ’ പ്രയോഗിച്ചിരുന്നു.
ഇസ്രായേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് തൊടുത്തത്. ഇസ്രായേലിൽ 24 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

