ഖാലിദ സിയ അതിഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു -മോദി
text_fieldsധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അതിഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നവംബർ 23നാണ് അവരെ ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയമിഡിപ്പിലെ താളപ്പിഴയെ തുടർന്ന് നാല് ദിവസത്തിനുശേഷം കാർഡിയാക് ഐ.സി.യുവിലേക്കും ഇപ്പോൾ വെന്റിലേറ്ററിലേക്കും മാറ്റി. അണുബാധ ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.
അവരുടെ നില വളരെ ഗുരുതരമാണ്. മുഴുവൻ രാജ്യത്തിൽ നിന്നും പ്രാർത്ഥന തേടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല -ബി.എൻ.പി വൈസ് ചെയർമാൻ അഹമ്മദ് ആസം ഖാൻ പറഞ്ഞു.
1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു ബീഗം ഖാലിദ സിയ. 1991-ൽ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി. ഖാലിദയുടെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970-കളുടെ അവസാനമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) സ്ഥാപിച്ചത്.
അതേസമയം, ഖാലിദ സിയയുടെ ആരോഗ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് മോദി പറഞ്ഞു.
വർഷങ്ങളായി ബംഗ്ലാദേശിന്റെ പൊതുജീവിതത്തിന് സംഭാവന നൽകിയ ബീഗം ഖാലിദ സിയയുടെ ആരോഗ്യത്തെക്കുറിച്ച് അറിയാൻ അതിയായ ഉത്കണ്ഠയുണ്ട്. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനകളും ആശംസകളും. സാധ്യമായ എല്ലാ വിധത്തിലും സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയാറാണ് -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഭൂമി കുംഭകോണ കേസിൽ ശൈഖ് ഹസീനക്ക് അഞ്ചുവർഷം തടവ്
ധാക്ക: ഭൂമി കുംഭകോണ കേസിൽ മുൻപ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഞ്ചുവർഷത്തെ തടവും അനന്തരവളും ബ്രിട്ടീഷ് എം.പിയുമായ തുലിപ് സിദ്ദീഖിന് രണ്ടുവർഷത്തെ തടവും ശിക്ഷ വിധിച്ചു. കഴിഞ്ഞമാസം, മാനവരാശിക്കെതിരായ കുറ്റങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രത്യേക ട്രൈബ്യൂണൽ ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിധി.
17 പേർക്കെതിരെ ചുമത്തിയ അഴിമതി കേസിൽ ധാക്കയിലെ പ്രത്യേക കോടതി ഹസീനയുടെ സഹോദരി ശൈഖ് റെഹാനക്ക് ഏഴുവർഷത്തെ തടവും വിധിച്ചിട്ടുണ്ട്. മറ്റ് 14 പ്രതികൾക്കും അഞ്ചുവർഷം വീതമാണ് തടവ്. ഹസീനയുടെ കാലത്തെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി സഹോദരി റെഹാനയുടെ മകളായ തുലിപ് സിദ്ദീഖിനെതിരെ ഇടക്കാല സർക്കാർ ഏപ്രിലിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ബ്രിട്ടന് ബംഗ്ലാദേശുമായി കുറ്റവാളികളെ കൈമാറൽ കരാറില്ലാത്തതിനാൽ ഇവർ ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

