ജീവന്റെ ജീവനരികിലേക്ക് നബ്ഹാനും യാത്രയായി; ഇസ്രായേൽ ആ മനുഷ്യനെയും കൊന്നു.... -VIDEO
text_fieldsഗസ്സ: ഓർക്കുന്നില്ലേ, ഖാലിദ് നബ്ഹാൻ എന്ന ഗസ്സയിലെ വല്യുപ്പയെ? ഇസ്രായേൽ കൊന്ന മൂന്നുവയസ്സുള്ള ചെറുമകൾ റീമിന്റെ ചലനമറ്റ ശരീരം വാരിയെടുത്ത് തുരുതുരെ ചുംബിച്ച ദുഃഖിതനായ മനുഷ്യനെ... ‘എന്റെ ജീവന്റെ ജീവനേ..’ എന്ന് ആ പൈതലിനെ നോക്കി വിളിച്ച പിതൃഹൃദയത്തെ ആർക്കെങ്കിലും മറക്കാൻ കഴിയുമോ?
ഹൃദയം നുറുങ്ങുന്ന ആ ഒരൊറ്റ ദൃശ്യത്തിലൂടെ അദ്ദേഹവും കുഞ്ഞ് റീമും ലോകത്തിന്റെ നെഞ്ചിലാണ് ഇടം പിടിച്ചത്. എന്നാൽ, ഇന്നലെ ഗസ്സയിൽനിന്ന് ഞെട്ടിക്കുന്ന ഒരുവാർത്ത കൂടി വന്നു, ജീവന്റെ ജീവനരികിലേക്ക് ഖാലിദ് നബ്ഹാനും യാത്രയായിരിക്കുന്നു.... അല്ല, ആ മനുഷ്യനെയും ഇസ്രായേൽ കൊന്നുകളഞ്ഞിരിക്കുന്നു.
ഒരുവർഷം മുമ്പ് പേരക്കുട്ടികളുടെ മൃതദേഹം ചേർത്തുപിടിച്ച് വിലപിച്ച അതേ ക്യാമ്പിൽ, ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാലിദ് നബ്ഹാൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ലോകമെമ്പാടുമുള്ള ഹൃദയങ്ങളിൽ ഒരു തീക്കനലായി എരിയുന്ന അദ്ദേഹം തൽക്ഷണം മരണത്തെ പുൽകി. ഒരുപക്ഷേ, ‘എന്റെ ജീവന്റെ ജീവനാണിത്... ഇവൾ എന്റെ ജീവന്റെ ജീവനാണ്...” എന്ന് നബ്ഹാൻ ഗദ്ഗദകണ്ഠനായി വിളിച്ചു പറഞ്ഞ ചെറുമകൾ റീമിന്റെ ആത്മാവ് ഈ മുത്തച്ഛനെ സ്വർഗലോകത്ത് കാത്തിരിക്കുന്നുണ്ടാവാം....
2023 നവംബർ 22നായിരുന്നു തെക്കൻ ഗസ്സയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നബ്ഹാന്റെ മൂന്നുവയസ്സുള്ള ചെറുമകൾ റീമും അഞ്ച് വയസ്സുള്ള സഹോദരൻ താരിഖും കൊല്ലപ്പെട്ടത്. ഹൃദയഭേദകമായ യാത്രയയപ്പിന്റെ ദൃശ്യം ഫലസ്തീനികൾ സഹിക്കുന്ന ദുരിതത്തിന്റെ പ്രതീകമായി ലോകം ഏറ്റെടുത്തിരുന്നു.
റീമിന്റെ ചേതനയറ്റ ശരീരം കൈയിൽ പിടിച്ച്, അവളുടെ മുഖത്തെ പൊടിയും രക്തവും ആർദ്രമായി തുടച്ച്, മുടിയിൽ തഴുകി നെറ്റിയിൽ ചുംബിക്കുന്ന ചിത്രങ്ങളിലൂടെയാണ് ഖാലിദ് നബ്ഹാനെ ലോകം ആദ്യമായി കണ്ടത്. ‘എന്റെ ജീവന്റെ ജീവനേ’ എന്ന് ആ കുഞ്ഞുമുഖം നോക്കി വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വിറകൊണ്ടിരുന്നു. തന്റെ ജീവിതത്തിലേക്ക് വെളിച്ചമായെത്തിയ കുഞ്ഞിന് ഒരു മുത്തച്ഛൻ നൽകിയ നിഷ്കളങ്കമായ അന്ത്യയാത്രയുടെ ദൃശ്യമായിരുന്നു ആ നിമിഷം.
“എന്റെ ഉള്ളിൽനിന്ന് വന്ന വാക്കുകളായിരുന്നു അത്. ഏതോ അബോധാവസ്ഥയിൽ പറഞ്ഞതാണ്. വിഡിയോ എടുക്കുന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല” -ഖാലിദ് പിന്നീട് ഒരു അഭിമുഖത്തിൽ അതേക്കുറിച്ച് പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പ് സന്തോഷത്തോടെ കളിക്കുന്ന ഖാലിദിന്റെയും റീമിന്റെയും വിഡിയോ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ടിക്ടോക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കണ്ണീരോടും ഐക്യദാർഢ്യത്തോടും കൂടി ഈ ദൃശ്യം അതിവേഗം പ്രചരിച്ചു.
ഗസ്സയുടെ കാവലാളായി, കുഞ്ഞുങ്ങളുടെ കൂട്ടുകാരനായി ഖാലിദ് നബ്ഹാൻ
ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായാണ് ഖാലിദ് നബ്ഹാൻ മാറിയത്. റീമിൻ്റെയും താരിഖിന്റെയും മരണത്തിന് പിന്നാലെ ഖാലിദ് പൊതുരംഗത്ത് കൂടുതൽ സജീവമായി. യുദ്ധം മുച്ചൂടും നശിപ്പിച്ച ഗസ്സയിൽ അതിന്റെ മാനസികാഘാതം മുഴുവൻ ഏറ്റുവാങ്ങിയ കുഞ്ഞുങ്ങളെ അതിൽനിന്ന് മോചിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. വീടിനടുത്തുള്ള ആശുപത്രികളിൽ പരിക്കേറ്റ കുടുംബങ്ങളെ സഹായിക്കുകയും സാന്ത്വനവും സഹായവും നൽകുകയും ചെയ്തു. കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തുകൊണ്ട് ഗസ്സയിലെ കുട്ടികളെ സന്തോഷിപ്പിക്കാൻ അദ്ദേഹം ‘റീം: സോൾ ഓഫ് ദ സോൾ’ എന്ന സംരംഭവും തുടങ്ങി.
ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ, ഖാലിദ് ഗസ്സയിലെ യുദ്ധകാലത്തെ ജീവിതം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പോസ്റ്റുകൾ ഇസ്രായേലിന്റെ ക്രൂരതകളും കൊലപാതകങ്ങളും നാശനഷ്ടങ്ങളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

