വനിതാ താരം ചമഞ്ഞ് ചെസ് ടൂർണമെന്റിൽ വിജയിച്ച യുവാവ് പിടിയിൽ
text_fieldsനെയ്റോബി: ബുർഖയും പർദ്ദയും ദരിചെത്തി ചെസ് ടൂർണമെന്റിൽ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ച വിദ്യാർഥി പിടിയിൽ. സ്റ്റാൻലി ഒമോണ്ടിയെന്ന വിദ്യാർഥിയാണ് പിടിയിലായത് .വനിതാ താരം ചമഞ്ഞ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചാണ് വിദ്യാർഥി 42,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) നേടിയത്.
ടൂർണമെന്റിൽ മിലിസെന്റ് അവോർ എന്ന പേരിലാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. മത്സരത്തിന്‍റെ നാലാം റൗണ്ട് വരെ ഇയാൾ ഒന്നും സംസാരിച്ചില്ലെന്നും സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് സാധാരണമാണ് എന്നതിനാൽ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്റ് ബെർണാഡ് വഞ്ജാല പറഞ്ഞു.
' അവന്റെ ഷൂസ് ആണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീകൾ ധരിക്കുന്നതിന് വ്യത്യസ്തമായ ഷൂ ആയിരുന്നു അത്. അയാൾ തീരെ സംസാരിക്കാതിരിക്കുന്നതും ഞങ്ങൾ ശ്രദ്ധിച്ചു. തന്റെ ടാഗ് എടുക്കാൻ വന്നപ്പോഴും അവൻ മിണ്ടിയിരുന്നില്ല. സാധാരണ കളിക്കുമ്പോൾ എതിരാളികൾ ഇടയ്ക്കെങ്കിലും പരസ്പരം സംസാരിക്കാറുണ്ട്. കാരണം ചെസ് കളി ഒരു യുദ്ധമല്ല, മറിച്ച് സൗഹൃദമാണ്'- അദ്ദേഹം പറഞ്ഞു.
മത്സരത്തിന് ഒടുവിൽ അധികൃതർ അയാളോട് തിരിച്ചറിയൽ രേഖ ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.ഇതോടെ, തട്ടിപ്പുകാരനായ മത്സരാർഥിയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കി. ഇയാളുടെ എല്ലാ പോയിന്റുകളും എതിരാളികൾക്ക് നൽകുകയും ചെയ്തു. കൂടാതെ നിരവധി വർഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ചെസ് കെനിയ പ്രസിഡന്റ് പറഞ്ഞു.
തുടർന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിദ്യാർഥി രംഗത്തെത്തി.'ഒരു പുരുഷനായ ഞാൻ കെനിയ ചെസ് ഓപ്പൺ വിഭാഗത്തിലെ ലേഡീസ് വിഭാഗത്തിൽ കളിക്കുന്നതിനിടെയാണ് പിടിയിലായത്. സാമ്പത്തിക ആവശ്യങ്ങളാണ് അങ്ങനെ ചെയ്യാൻ കാരണം. എന്റെ പ്രവർത്തിയിൽ ഞാൻ ഖേദിക്കുന്നു. ഇതിന്റെ എല്ലാ അനന്തര ഫലങ്ങളും അംഗീകരിക്കുന്നു'- ഒമോണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

