വിഘടനവാദി നേതാവ് യാസീൻ മാലിക്കിന്റെ ഭാര്യ പാകിസ്താൻ കാവൽ മന്ത്രിസഭയുടെ ഉപദേശക
text_fieldsഇസ്ലാമാബാദ്: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ ഹുസൈൻ മുല്ലിക് പാകിസ്താൻ കാവൽ മന്ത്രിസഭയുടെ ഉപദേശക. പ്രധാനമന്ത്രി അൻവാറുൽ ഹക് കാക്കറിന്റെ ഉപദേശകയായാണ് അവർ പ്രവർത്തിക്കുക. മനുഷ്യാവകാശം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലാവും അവർ പ്രധാനമന്ത്രിയെ ഉപദേശിക്കുകയെന്ന് ജിയോ ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് കമാൻഡറും മുഷാലിന്റെ ഭർത്താവുമായ യാസിൻ മാലിക് നിലവിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിലാണ്. ഭീകരപ്രവർത്തനത്തിന് പണം നൽകിയെന്ന കേസിലാണ് യാസിൻ മാലിക് ശിക്ഷിക്കപ്പെട്ടത്. 2009ൽ പാകിസ്താനിൽവെച്ചാണ് ഇരുവരും വിവാഹിതരായത്. പാകിസ്താനിൽ നിന്നുള്ള ഉന്നത രാഷ്ട്രീയനേതാക്കൾ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് അൻവാറുൽ ഹക് കാക്കറിന്റെ നേതൃത്വത്തിലുള്ള 18 അംഗ കാവൽ മന്ത്രിസഭ പാകിസ്താനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും അദ്ദേഹം പ്രധാനമന്ത്രിയായി തുടരുക. 16 മന്ത്രിമാരും മൂന്ന് ഉപദേശകരുമാണ് കാവൽമന്ത്രിസഭയിലുള്ളത്.