Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഈ ഹാളിൽ ഇന്ന്...

‘ഈ ഹാളിൽ ഇന്ന് വെടിയൊച്ച മുഴങ്ങും...’; ട്രംപിന്‍റെ അത്താഴവിരുന്നിനു മുമ്പായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം, പിന്നാലെ വെടിവെപ്പ്!

text_fields
bookmark_border
Karoline Leavitt
cancel

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ അത്താഴവിരുന്നിനു മുമ്പായി പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

"ഇന്ന് രാത്രി ചില വെടിയൊച്ചകൾ മുഴങ്ങും" എന്നായിരുന്നു ലെവിറ്റ് ഫോക്സ് ന്യൂസിന് നൽകിയ പ്രതികരണം. തൊട്ടുപിന്നാലെയാണ് അത്താഴവിരുന്ന് നടക്കുന്ന വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിനുള്ളിലേക്ക് തോക്കുധാരി അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതും വെടിയുതിർക്കുന്നതും. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള ഉന്നതർ വേദിയിലിരിക്കെ നടന്ന സംഭവം വലിയ ഞെട്ടലുണ്ടാക്കി. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.

വെടിയൊച്ച കേട്ടതോടെ സുരക്ഷ ഉദ്യോഗസ്ഥൻ ഉടൻ തന്നെ ട്രംപിനെ വളയുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. അതിഥികൾ മേശകൾക്ക് താഴെ ഒളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരിപാടിയിൽ ട്രംപിന് പ്രസംഗിക്കാൻ എഴുതി നൽകിയ ചില കാര്യങ്ങളെ കുറിച്ചായിരുന്നു കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസ് മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്. എന്നാൽ, ആ പ്രതികരണത്തിലെ ‘വെടിയൊച്ച’ ഇത്തരത്തിലൊന്നാകുമായിരുന്നെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല! എന്തായാലും ലെവിറ്റിന്‍റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ട്രംപ് ഇന്നൊരു ഗർജനത്തിന് തയാറെടുത്തിരിക്കുകയാണ്. ഈ രാത്രിയിലെ പ്രസംഗം ക്ലാസിക് ഡോണൾഡ് ട്രംപിന്‍റേതായിരിക്കും. അത് രസകരമായിരിക്കും, വിനോദകരമായിരിക്കും. ഇന്ന് രാത്രി ഹാളിൽ ചില വെടിയൊച്ചകൾ മുഴങ്ങും. അതിനാൽ എല്ലാവരും ഇത് കേൾക്കണം, ഇത് വളരെ മികച്ചതായിരിക്കും’ -പരിപാടിക്ക് മുമ്പായി ലെവിറ്റ് പറഞ്ഞു. ട്രംപിന്റെ പ്രസംഗത്തെ ഉദ്ദേശിച്ചാണ് ലെവിറ്റ് ഇത്തരത്തിൽ പറഞ്ഞത്. അത് നിങ്ങൾ എഴുതി നൽകിയതാണോ എന്ന് ഫോക്‌സ് ന്യൂസ് മാധ്യമപ്രവർത്തകൻ ചോദിക്കുമ്പോൾ, അതിന്റെ ക്രെഡിറ്റ് തനിക്ക് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളുടെ വലിയ പങ്ക് അതിലുണ്ടെന്നും പ്രസ് സെക്രട്ടറി മറുപടി നൽകി. പരിപാടി ആരംഭിക്കുന്നതിനിടെയാണ് ഏവരെയും പരിഭ്രാന്തരാക്കി വെടിയൊച്ച കേൾക്കുന്നത്.

കാലിഫോർണിയ ടോറൻസിൽനിന്നുള്ള കോൾ തോമസ് അലൻ (31) ആണ് അക്രമിയെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഒരു സീക്രട്ട് സർവിസ് ഏജന്‍റിന് വെടിയേറ്റു. പരിക്ക് ഗുരുതരമല്ല. സുരക്ഷ ഉദ്യോഗസ്ഥൻ കീഴ്പ്പെടുത്തി നിലത്തു കിടത്തിയ അക്രമിയുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സുരക്ഷ ചെക്ക് പോയന്‍റിലൂടെ അക്രമി അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രതിയുടെ കൈയിൽ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

സീക്രട്ട് സർവിസ് ഏജന്‍റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായി പരിക്കേറ്റില്ല. ആയുധങ്ങളുമായി അക്രമി സെക്യൂരിറ്റി ചെക്ക് പോയിന്റിലേക്ക് അതിക്രമിച്ചു കയറി, സീക്രട്ട് സർവിസിലെ ധീരരായ ഉദ്യോഗസ്ഥൻ അവനെ കീഴടക്കി... ഒരു ഓഫിസർക്ക് വെടിയേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു... ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അതിന്റെ ജോലി കൃത്യമായി ചെയ്തു. ആ ഓഫിസറുമായി സംസാരിച്ചു, അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു -ട്രംപ് പറഞ്ഞു.

അക്രമി ഒറ്റക്കാണ് എത്തിയത്. വിരുന്ന് നടക്കുന്ന ഹാളിലേക്ക് പ്രതിക്ക് കയറാനായില്ല. സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ച വിരുന്ന് മറ്റൊരു ദിവസം നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ്, പ്രഥമവനിത മെലാനി, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ഉൾപ്പെടെ പ്രധാനികൾ വേദിയിലിരിക്കുന്നിതിനിടെയാണ് വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിനു പുറത്ത് വെടിയൊച്ച കേൾക്കുന്നത്. ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥൻ വേദി വളയുന്നതും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാനാകും. എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:White HouseDonald TrumpKaroline Leavitt
News Summary - Karoline Leavitt's Comment Before Trump Event goes viral
Next Story