കാന്തഹാർ വിമാനറാഞ്ചൽ: ഒരു ഭീകരൻ കൂടി മരിച്ചു
text_fieldsകാബൂൾ: 1999 ഡിസംബർ 24ന് ഇന്ത്യൻ എയർലൈൻസ് വിമാനം നേപ്പാളിൽനിന്ന് അഫ്ഗാനിസ്താനിലെ കാന്തഹാറിലേക്ക് റാഞ്ചിയ അഞ്ചംഗ ഭീകരസംഘത്തിലെ ഒരു ഭീകരനെ കൂടി അജ്ഞാതർ കറാച്ചിയിൽ വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകൾ.
സംഘത്തിലെ പ്രധാനിയായിരുന്ന സഫറുല്ല ജമാലിയെയാണ് വെടിവെച്ച് കൊന്നത്. കാന്തഹാർ വിമാനം റാഞ്ചൽ സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഭീകരനെ ബൈക്കിലെത്തിയ രണ്ടുപേർ ദിവസങ്ങൾക്കു മുമ്പ് വെടിവെച്ച് കൊന്നിരുന്നു.
മിസ്ട്രി സഹൂർ ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപൻ കട്യാലിനെ ഭാര്യയുടെ കൺമുന്നിൽ വെച്ച് കുത്തിക്കൊന്നത് ഇയാളായിരുന്നു. സാഹിദ് അഖുണ്ഡ് എന്ന പേരിൽ കറാച്ചിയിലെ അക്തർ കോളനിയിൽ ഫർണിചർ കട നടത്തിയിരുന്ന ഇബ്രാഹിമിനെ ഈ മാസം ഒന്നിന് മോട്ടർ ബൈക്കിലെത്തിയ രണ്ടുപേർ ഫർണിചർ ഗോഡൗണിനുള്ളിലാണ് വെടിവെച്ചു കൊന്നത്. ആക്രമികളെക്കുറിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.

