അഫ്ഗാനിൽ വീണ്ടും പാക് വ്യോമാക്രമണം; 10 പേർ കൊല്ലപ്പെട്ടു
text_fieldsഇസ്ലാമാബാദ്: രണ്ടുദിവസത്തെ വെടിനിർത്തൽ കഴിഞ്ഞതിന് പിന്നാലെ വീണ്ടും പാക്-അഫ്ഗാൻ സംഘർഷം. ഖത്തറിലെ ദോഹയിൽ സമാധാന ചർച്ച നടക്കാനിരിക്കെ അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തി. പാകിസ്താനിലെ വടക്കൻ വസീറിസ്താൻ സൈനിക കേന്ദ്രത്തിൽ തീവ്രവാദി ആക്രമണമുണ്ടായി മണിക്കൂറുകൾക്കകമാണ് ആക്രമിച്ചത്.
പക്തിക പ്രവിശ്യയിലെ മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 12 പേർക്ക് പരിക്കേറ്റു. നിരവധി സൈനികർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട ഒരാഴ്ചത്തെ സംഘർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനിടയിൽ ശാശ്വത സമാധാനത്തിനായി തീവ്രശ്രമം നടത്താനും തീരുമാനിച്ചു. ശനിയാഴ്ച ഖത്തറിലാണ് ചർച്ച നിശ്ചയിച്ചത്.
സമാധാന ചർച്ചക്ക് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, രഹസ്യാന്വേഷണ വിഭാഗം മേധാവി ആസിം മാലിക് എന്നിവരുടെ നേതൃത്വത്തിലും പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യഅ്ഖൂബിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സംഘവും ദോഹയിലെത്തിയിട്ടുണ്ട്. അതിനിടെ സമാധാനം വേണോ ഏറ്റുമുട്ടൽ വേണോ എന്ന് തീരുമാനിക്കാൻ പാക് സൈനിക മേധാവി സയ്യിദ് ആസിം മുനീർ, താലിബാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.
അഫ്ഗാൻ-പാക് യുദ്ധം തീർക്കാൻ കഴിയുമെന്ന് ട്രംപ്
വാഷിങ്ടൺ: അഫ്ഗാനിസ്താൻ-പാകിസ്താൻ യുദ്ധം തനിക്ക് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരത്തിലുള്ള നിരവധി യുദ്ധങ്ങൾ താൻ പരിഹരിച്ചിട്ടുണ്ട്. ഈ യുദ്ധം തീർക്കുകയെന്നത് നിസ്സാരമായ കാര്യമാണ്. ഞാനത് ചെയ്യും. ഇപ്പോൾ ഞാൻ യു.എസിന്റെ ഭരണം നടത്തുകയാണ്.
അതേസമയം, യുദ്ധം തീർക്കുകയെന്നത് താൻ ഇഷ്ടപ്പെടുന്ന കാര്യമാണ്. ആളുകളെ മരണത്തിൽനിന്ന് രക്ഷിക്കുകയെന്നത് കർത്തവ്യമായി കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

