ഇസ്രായേലിലെ ജൂഡീഷ്യൽ അട്ടിമറി നീക്കം: തെരുവുകളിൽ പ്രതിഷേധം കത്തുന്നു
text_fieldsതെൽ അവീവ് നഗരത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം
തെൽ അവീവ്: പാർലമെന്ററി തീരുമാനങ്ങൾക്കുമേൽ ജുഡീഷ്യറി ഇടപെടൽ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ഇസ്രായേലിൽ പ്രധാനമന്ത്രി ആശുപത്രിയിൽ. ഹൃദയ പ്രശ്നങ്ങളെ തുടർന്ന് തെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ചും ജഡ്ജിമാരുടെ നിയമനത്തിൽ പാർലമെന്റ് ഇടപെടൽ ശക്തമാക്കിയും ഏകാധിപത്യ സ്വഭാവത്തിലേക്ക് രാജ്യത്തെ നയിക്കുന്ന പരിഷ്കരണം വീണ്ടും നടപ്പാക്കാൻ ഒരുങ്ങുകയാണ് നെതന്യാഹു സർക്കാർ. കഴിഞ്ഞ മാർച്ചിൽ വൻ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നടപടി വീണ്ടും നടപ്പാക്കുന്നതിന് സഭയിൽ ഞായറാഴ്ച ചർച്ച ആരംഭിച്ചു. തിങ്കളാഴ്ച വോട്ടിനിട്ട് പാസാക്കിയെടുക്കാനാണ് തീരുമാനം.
തീവ്രവലതുപക്ഷവും മധ്യനിലപാടുകാരും തമ്മിലെ മുഖാമുഖമാകും വോട്ടെടുപ്പെന്നാണ് സൂചന. എന്തു വില കൊടുത്തും പരിഷ്കരണം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ പ്രതിപക്ഷം കടുത്ത ഭാഷയിൽ ഇതിനെതിരെ രംഗത്തുണ്ട്. ഏറെയായി തെരുവുകളിൽ പ്രതിഷേധം കനപ്പിച്ച ജനം നെതന്യാഹു ഏകാധിപത്യം നടപ്പാക്കുന്നുവെന്ന് വിമർശിക്കുന്നു. തെൽ അവീവിലും കിഴക്കൻ ജറൂസലമിലുമടക്കം ഇസ്രായേലിലുടനീളം തുടരുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുമെന്നാണ് സൂചന.
സർക്കാർ നടത്തുന്ന തിരക്കിട്ട നീക്കം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചതായി വിമർശകർ കുറ്റപ്പെടുത്തുന്നു. പൊതുജന പ്രതിഷേധം കൂടുതൽ കനക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് റിസർവ് സൈനികർ ജോലിക്കെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. വ്യോമസേന പൈലറ്റുമാരടക്കം പ്രതിഷേധിച്ച് പണിനിർത്തിവെക്കും. മൂന്ന് മുൻ സൈനിക മേധാവികളും നിരവധി പ്രമുഖ ഉദ്യോഗസ്ഥരും ഒപ്പുവെച്ച കത്ത് ശനിയാഴ്ച സർക്കാറിന് സമർപ്പിച്ചിരുന്നു. ഇസ്രായേൽ സമൂഹത്തിന്റെ അടിത്തറയിളക്കുന്നതാണ് പരിഷ്കരണമെന്ന് കത്ത് കുറ്റപ്പെടുത്തുന്നു.
മറ്റു മേഖലകളിലെ ജീവനക്കാരും ബഹിഷ്കരണ ഭീഷണിയുമായി രംഗത്തുണ്ട്. ഒരു വിഭാഗം സമരക്കാർ പാർലമെന്റിന് മുന്നിൽ തമ്പുകെട്ടി കുത്തിയിരിപ്പ് ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കടുത്ത അഴിമതി ആരോപണങ്ങൾ നേരിടുന്ന നെതന്യാഹു അവ മറികടക്കാൻ സുപ്രീംകോടതിയെ ദുർബലപ്പെടുത്തുകയാണെന്നാണ് ജനങ്ങളിലേറെയും വിശ്വസിക്കുന്നത്. അതിനിടെ, ശനിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച നെതന്യാഹുവിനെ അടിയന്തര ശസ്ത്രക്രിയ നടത്തി പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

