‘രക്തത്തെയും ഭീകരതയെയും വെള്ളപൂശാൻ കഴിയില്ല’: ട്രംപ് കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകിയതിനെതിരെ ജഡ്ജിമാർ
text_fieldsവാഷിംങ്ടൺ: 2021 ജനുവരി 6ന് ക്യാപിറ്റോൾ ഹില്ലിൽ അതിക്രമിച്ചു കയറിയ അനുയായികൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റ് കൂട്ട മാപ്പ് നൽകിയതിനെതിരെ കടുത്ത ശാസനകൾ നടത്തി മൂന്ന് ഫെഡറൽ ജഡ്ജിമാർ. അധികാരമേറ്റ ആദ്യ ദിവസം ട്രംപ് കലാപകാരികൾക്ക് നൽകിയ മാപ്പ് പല കോണുകളിൽനിന്നും വിമർശനത്തിനിടയാക്കിയിരുന്നു.
തന്റെ രണ്ടാം തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടൻ ട്രംപ് ‘പ്രൗഡ് ബോയ്‌സ്’, ‘ഓത്ത് കീപ്പേഴ്‌സ്’ എന്നീ സംഘങ്ങളിലെ 14 അംഗങ്ങൾ ഉൾപ്പെടെ ആക്രമണവുമായി ബന്ധപ്പെട്ട 1,500ലധികം പേർക്ക് മാപ്പ് നൽകി. ജോ ബൈഡന്റെ 2020ലെ പ്രസിഡന്റ് വിജയത്തിന്റെ സർട്ടിഫിക്കേഷൻ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു കലാപം.
കലാപത്തിലെ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ ജില്ലാ ജഡ്ജി തന്യാ ചുത്കൻ തള്ളിക്കളഞ്ഞുവെങ്കിലും രൂക്ഷമായ വിമർശനം ഉന്നയിച്ചു. ‘2021 ജനുവരി 6ന് സംഭവിച്ച ദാരുണമായ സംഭവത്തെ ഒന്നുകൊണ്ടും മാറ്റാൻ കഴിയില്ല. ആൾക്കൂട്ടം അതിന്റെ അക്രമാസക്തതയിൽ ഉപേക്ഷിച്ച രക്തത്തെയും മാലിന്യത്തെയും ഭീകരതയെയും വെള്ളപൂശാൻ കഴിയില്ല. സമാധാനപരമായി അധികാരം കൈമാറ്റം ചെയ്യാനുള്ള അമേരിക്കയുടെ പവിത്രമായ പാരമ്പര്യത്തിന്റെ ലംഘനം പരിഹാനമില്ലാത്തതാണ്’ - ജഡ്ജി പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് ട്രംപിനെതിരെ കൊണ്ടുവന്ന ക്രിമിനൽ കേസിലും ജഡ്ജി ചുത്കൻ അധ്യക്ഷനായിരുന്നു. എന്നാൽ, ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സിറ്റിങ് പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായ നീതിന്യായ വകുപ്പിന്റെ നയം മുൻനിർത്തി ആ കേസ് തള്ളുകയുണ്ടായി.
മറ്റു രണ്ട് ഫെഡറൽ ജഡ്ജിമാരും ട്രംപിന്റെ മാപ്പിനെ സമാനമായി അപലപിച്ചു. ജില്ലാ ജഡ്ജി ബെറിൽ ഹോവൽ രണ്ട് പ്രതികൾക്കെതിരായ കുറ്റാരോപണം തള്ളിക്കളഞ്ഞുവെങ്കിലും മാപ്പ് നൽകിയതിനു പിന്നിലെ ന്യായവാദം അംഗീകരിച്ചില്ല.
സമാധാനപരമായ അധികാരക്കൈമാറ്റം തടസ്സപ്പെടുത്താൻ അനുവദിക്കാനാവില്ല. നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ അപകടത്തെ ചൂണ്ടിക്കാട്ടിയ ജഡ്ജി അത് ദരിദ്രരുടെ ഭാവിയെയും നിയമവാഴ്ചയെയും തുരങ്കം വെക്കുമെന്നും മുന്നറിയിപ്പു നൽകി. ജില്ലാ ജഡ്ജി കോളിൻ കൊല്ലർ കോട്ടേലിയും കുറ്റങ്ങൾ തള്ളിക്കൊണ്ട് അക്രമത്തെ വിമർശിച്ചു.
ജനുവരി 6ന് നടന്ന ആക്രമണത്തിൽ 140ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തന്റെ രണ്ടാം തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അക്രമികൾക്ക് മാപ്പു നൽകുമെന്ന് പ്രതിജ്ഞയെടുത്ത ട്രംപ് അവരെ ‘ദേശസ്നേഹികളും’ ‘രാഷ്ട്രീയ തടവുകാരും’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
വൈറ്റ് ഹൗസിന് സമീപം അനുയായികളോട് ട്രംപ് നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു ആക്രമണം. അവിടെ ബൈഡന്റെ തെരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ ആവർത്തിക്കുകയും കോൺഗ്രസിലേക്ക് മാർച്ച് ചെയ്യാൻ അക്രമികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

