‘അമേരിക്ക അടിസ്ഥാനപരമായി കുടിയേറ്റ രാഷ്ട്രം, എച്ച്-1ബി വിസയിലെ തീരുമാനം അപ്രതീക്ഷിതം’ ഇന്ത്യയും യു.എസും സ്വഭാവിക സുഹൃത്തുക്കളെന്നും ജെ.പി മോർഗൻ സി.ഇ.ഒ ജെയ്മി ഡിമോൺ
text_fieldsസി.ഇ.ഒ ജെയ്മി ഡിമോൺ
വാഷിംഗ്ടൺ: എച്ച്-1ബി വിസ നിരക്ക് കുത്തനെ വർധിപ്പിച്ച യു.എസ് നടപടി അപ്രതീക്ഷിതമെന്ന് ജെ.പി മോർഗൻ. പൊടുന്നനെ ഉണ്ടായ നടപടിക്ക് പിന്നാലെ അന്താരാഷ്ട്ര പങ്കാളികളുമായും നയരൂപീകരണ വിദഗ്ധരുമായും ചർച്ച നടത്തുമെന്ന് സി.ഇ.ഒ ജെയ്മി ഡിമോൺ പറഞ്ഞു.
പുതുക്കിയ എച്ച്-1ബി വിസ നിർദേശങ്ങൾ വൻകിട അമേരിക്കൻ ടെക്, ധനകാര്യ സ്ഥാപനങ്ങളിൽ ആശങ്കക്ക് കാരണമായിരുന്നു. നിലവിൽ വിസയിലുള്ളവർ യു.എസിൽ തുടരണമെന്നും രാജ്യത്തിന് പുറത്തുള്ളവർ സെപ്റ്റംബർ 21ന് മുമ്പ് മടങ്ങിവരണമെന്നും മൈക്രോസോഫ്റ്റ്, ആമസോൺ, ജെ.പി മോർഗൻ, മെറ്റ എന്നിവർ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
‘ഇത് അപ്രതീക്ഷിത നടപടിയായിരുന്നു. ആഗോളതലത്തിൽ ജീവനക്കാരുള്ളതുകൊണ്ട് തന്നെ ഞങ്ങൾക്ക് വിസ പ്രധാനമാണ്. വ്യത്യസ്ത വിപണികളിൽ പുതിയ ജോലികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന വിദഗ്ധരെ ഇത്തരത്തിൽ മാറ്റി നിയമിക്കാറുണ്ട്. നിലവിലെ സാഹചര്യം അതിന് വെല്ലുവിളിയാണ്. എന്റെ പ്രപിതാക്കൾ ഗ്രീസിൽ നിന്ന് കുടിയേറിയവരാണ്. ആ സമയത്ത് അവർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പോലുമുണ്ടായിരുന്നില്ല. അമേരിക്ക ഒരു കുടിയേറ്റ രാഷ്ട്രമാണ്, അതാണ് അതിന്റെ അടിസ്ഥാനപരമായ ശക്തി,’- ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ജാമി ഡിമോൺ പറഞ്ഞു.
2024 സാമ്പത്തിക വർഷത്തിൽ കൂടുതൽ എച്ച്-1ബി വിസ സ്പോൺസർ ചെയ്ത 10 കമ്പനികളിലൊന്നാണ് ജെ.പി മോർഗൻ. ഏകദേശം 2,440 ആളുകൾക്ക് കമ്പനി വിസ അനുവദിച്ചതായി യു.എസ് ഡാറ്റയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പുതിയ വിസ ചട്ടം പരിഭ്രാന്തി പരത്തിയതിന് പിന്നാലെ, പുതിയ വിസ അപേക്ഷകൾക്കാണ് ഫീസ് ബാധകമാകുകയെന്നും നിലവിലുള്ള വിസ ഉടമകൾ അമേരിക്കയിലേക്ക് മടങ്ങിയെത്തുന്നതിനോ പുതുക്കുന്നതിനോ ഫീസ് ബാധകമല്ലെന്നും വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കിയിരുന്നു. ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉഭയകക്ഷി വ്യാപാര കരാറിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
‘ഇന്ത്യയെ അമേരിക്കയുടെ സ്വാഭാവിക സുഹൃത്തായിട്ടാണ് ഞാൻ കാണുന്നത്. ഒരുമിച്ച് മുന്നോട്ടുപോകാൻ പ്രത്യേക ആഹ്വാനത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല; ഇരുരാജ്യങ്ങളും കൂടുതൽ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സന്നദ്ധമാവണം,’ ഡിമോൺ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

