Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോർഡൻ മ്യൂസിയം...

ജോർഡൻ മ്യൂസിയം സന്ദർശിച്ചപ്പോൾ മോദിയുടെ വാഹനം ഓടിച്ചത് കിരീടാവകാശി

text_fields
bookmark_border
ജോർഡൻ മ്യൂസിയം സന്ദർശിച്ചപ്പോൾ മോദിയുടെ വാഹനം ഓടിച്ചത് കിരീടാവകാശി
cancel

അമ്മാൻ: ജോർഡൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തമായ ജോർഡൻ മ്യൂസിയം സന്ദർശിച്ചപ്പോൾ വാഹനം ഓടിച്ചത് കിരീടാവകാശി അൽ ഹുസൈൻ അബ്ദുല്ല രണ്ടാമൻ. ഇരു രാജ്യങ്ങളും തമ്മിലെ ഊഷ്മള ബന്ധം പ്രതിഫലിപ്പിക്കുന്നതായി കിരീടാവകാശിയുടെ പ്രവൃത്തി.

അമ്മാനിലെ റാസ് അൽ എയ്ൻ ജില്ലയിലാണ് ജോർഡൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ മ്യൂസിയമാണ് ഇത്. നിരവധി ചരിത്ര സ്മാരകങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 15 ലക്ഷം വർഷം മുമ്പുള്ള മൃഗങ്ങളുടെ അസ്ഥികൾ ഉൾപ്പെടെ അവശേഷിപ്പുകൾ ഇവിടെ കാണാം.


ഇന്ത്യാ-ജോർഡൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർഡനിലെത്തിയതാണ് മോദി. 37 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർഡനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഗസ്സയിലെ വംശഹത്യ തടയുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജോർഡൻ നടത്തുന്ന ഇടപെടലുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

ഗസ്സ വിഷയത്തിൽ ജോർഡൻ തുടക്കം മുതലേ വളരെ സജീവവും ക്രിയാത്മകവുമായ പങ്കാണ് വഹിച്ചത്. ഗസ്സയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നുവെന്ന് മോദി പറഞ്ഞു. ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിനെക്കുറിച്ചും മോദിയും അബ്ദുല്ല രാജാവും ചർച്ച നടത്തിയതായി ജോർഡനിയ പ്രസ്താവിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും ഒക്ടോബർ 10ന് ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഇസ്രായേൽ നൂറു തവണ ലംഘിച്ചതായി റിപ്പോർട്ടുകളുണ്ട്. കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും വെടിനിർത്തലോ മാനുഷിക സഹായമോ ഗസ്സയിൽ പൂർണമായി നടപ്പിലായിട്ടില്ല. നിരായുധീകരണം, യുദ്ധാനന്തര ഭരണം, പുനർനിർമ്മാണം തുടങ്ങിയ രണ്ടാം ഘട്ട കരാർ വ്യവസ്ഥകൾ അനിശ്ചിതത്വത്തിലാണ്.

1994ൽ ഇസ്രായേലുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച ജോർഡൻ ഗസ്സ വംശഹത്യയിൽ പ്രധാനപ്പെട്ട മാനുഷിക പങ്ക് വഹിച്ചിട്ടുണ്ട്. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ നിർദ്ദേശം ജോർഡൻ പൂർണ്ണമായും നിരസിച്ചിരുന്നു. ഏതെങ്കിലും അന്താരാഷ്ട്ര സേനയുടെ ഭാഗമായി ജോർഡൻ സൈന്യത്തെ ഗസ്സയിലേക്ക് അയക്കുന്നതിനെയും രാജാവ് തള്ളിക്കളയുകയും ഫലസ്തീൻ പൊലീസിനെ പരിശീലിപ്പിക്കാൻ സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഭീകരത, തീവ്രവാദം, എന്നിവക്കെതിരായ ജോർഡന്റെ നിലപാടും മോദി എടുത്തു പറഞ്ഞു. അബ്ദുല്ല രാജാവിന്റെ നേതൃത്വത്തിൽ രാജ്യം എല്ലാ മനുഷ്യരാശിക്കും ശക്തവും തന്ത്രപരവുമായ സന്ദേശം നൽകിയിട്ടുണ്ട്. യു.എൻ പരിപാടിയിൽ അബ്ദുല്ലയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയും 2018ൽ ഇന്ത്യയിലെ ഇസ്‍ലാമിക പൈതൃകത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ അബ്ദുല്ല രാജാവ് പ​ങ്കെടുത്തതും മോദി ചൂണ്ടിക്കാട്ടി. 2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദിയെ വിളിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളാണ് അബ്ദുല്ല രാജാവ്.

ഇതിനുമുമ്പ് 2018 ഫെബ്രുവരിയിൽ ഫലസ്തീനിലേക്കുള്ള യാത്രാമധ്യേ മോദി ജോർഡൻ വഴി സഞ്ചരിക്കുകയും അബ്ദുല്ല രാജാവിനെ അദ്ദേഹത്തിന്റെ സ്വകാര്യ കൊട്ടാരത്തിൽ പോയി കാണുകയും ചെയ്തിരുന്നു. അതേ വർഷം തന്നെയാണ് അബ്ദുല്ല രാജാവ് ഇന്ത്യയിൽ സന്ദർശനം നടത്തിയത്. ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ ജോര്‍ഡന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍ സ്വീകരിച്ചു.

ജോര്‍ഡന്‍ രാജാവ് അബ്ദുല്ല ഇബ്ന്‍ അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് മോദി സന്ദര്‍ശനത്തിനെത്തിയത്. ഡിസംബര്‍ 16 വരെ ജോര്‍ഡനില്‍ തങ്ങുന്ന മോദി, രാജാവ് അബ്ദുല്ല ഇബ്ന്‍ അല്‍ ഹുസൈനുമായി ചര്‍ച്ച നടത്തും. ജോര്‍ഡനിലെ ഇന്ത്യന്‍ പ്രവാസികളുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. ഏകദേശം 17,500 ഇന്ത്യന്‍ പ്രവാസികള്‍ ജോര്‍ഡനിലുണ്ടെന്നാണ് കണക്കുകള്‍.

നിലവില്‍ ജോര്‍ഡന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 2.875 ബില്യണ്‍ യു.എസ് ഡോളറായിരുന്നു. 2021-ല്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യ-ജോര്‍ഡന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ്. ജോര്‍ഡനില്‍ ഫോസ്‌ഫേറ്റുകള്‍, വളങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ 1.5 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപവും ഇന്ത്യ നടത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModijordanJordan Crown Princejordan visit
News Summary - Jordan Crown Prince drives Modi to national museum
Next Story