‘ഇസ്രായേലിനുള്ള സഹായം നിർത്താൻ ട്രംപിനൊപ്പം നിൽക്കാം’; നിലപാട് വ്യക്തമാക്കി അബ്ദുൽ അൽ സഈദ്
text_fieldsഅബ്ദുൽ അൽ സഈദ്
മിഷിഗൻ: യു.എസിൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം അമേരിക്കൻ പ്രതിനിധിയായ അബ്ദുൽ അൽ സഈദ്, ഇസ്രായേലിനുള്ള യു.എസ് സൈനിക സഹായം വെട്ടിക്കുറക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെ പിന്തുണച്ചു. ഈ വിഷയത്തിൽ ട്രംപിനൊപ്പം പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് അതിക്രമങ്ങൾ നടത്തുന്ന ഒരു വിദേശ സൈന്യത്തെ നാം ഇനി സഹായിക്കരുതെന്ന് അൽ സഈദ് ‘എം.എസ് നൗ’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇസ്രായേൽ സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതും ജൂത ജനതയോടുള്ള വിദ്വേഷവും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അധിനിവേശ വെസ്റ്റ് ബാങ്കിലെ നയങ്ങളും ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന അവകാശ നിഷേധങ്ങളും ചൂണ്ടിക്കാണിച്ച അദ്ദേഹം, ഗസ്സയിലെ യുദ്ധത്തെ നശീകരണമായാണ് വിശേഷിപ്പിച്ചത്. നിരപരാധികളായ ഫലസ്തീൻ കുട്ടികളുടെ ജീവനുവേണ്ടി ശബ്ദിക്കുന്നത് സ്നേഹം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലുള്ള ജൂത കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒരു മുസ്‌ലിം രക്ഷിതാവ് എന്ന നിലയിൽ തന്റെ സ്വന്തം കുട്ടികളുടെ സുരക്ഷയെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞു.
രാഷ്ട്രീയ പകപോക്കലുകളല്ല, മറിച്ച് നിയമവാഴ്ച നടപ്പിലാക്കുകയാണ് പ്രധാനം എന്ന് അബ്ദുൽ അൽ സഈദ് ഓർമ്മിപ്പിച്ചു. അമേരിക്കൻ ജനതക്ക് വേണ്ടി സേവനം ചെയ്യുക എന്നതാണ് രാഷ്ട്രീയത്തിന്റെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മിഷിഗനിൽ വിജയിച്ചാണ് അബ്ദുൽ അൽ സഈദ് അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ മുസ്‌ലിമായി ചരിത്രമെഴുതിയത്.

