പ്രശസ്ത ഇസ്‌ലാമിക പഠന വിദഗ്ധൻ ജോൺ എൽ. എസ്പോസിറ്റോ അന്തരിച്ചു
text_fieldsജോൺ എൽ. എസ്പോസിറ്റോ
വാഷിങ്ടൺ: ലോക പ്രശസ്ത ഇസ്‌ലാമിക പഠന വിദഗ്ധനും ജോർജ്ടൗൺ സർവകലാശാല പ്രഫസറുമായ ജോൺ എൽ. എസ്പോസിറ്റോ (86) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി ഇസ്‌ലാമിനെയും മുസ്ലിം-പാശ്ചാത്യ ബന്ധങ്ങളെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്‌പോസിറ്റോ, ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്താനും മതാന്തര സംവാദം ശക്തിപ്പെടുത്താനും നിര്‍ണായക സംഭാവനകള്‍ നല്‍കി.
ജോർജ്ടൗൺ സർവകലാശാലയിലെ റിലീജിയൻ ആൻഡ് ഇന്റർനാഷണൽ അഫയേഴ്സ് വിഭാഗം പ്രഫസറായിരുന്നു. ഇസ്‌ലാമിനെയും മതങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും സമകാലിക മുസ്‌ലിം സമൂഹങ്ങളെയും കുറിച്ച് ആഗോളതലത്തിൽ അക്കാദമികവും പൊതുപരവുമായ ധാരണകൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്‍റെ രചനകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇസ്മായിൽ റാജി അൽ-ഫാറൂഖിയുടെ മേൽനോട്ടത്തിലായിരുന്നു എസ്പോസിറ്റോ ഡോക്ടറൽ പഠനം പൂർത്തിയാക്കിയത്.
‘Shariah: What Everyone Needs to Know (with Natana Delong-Bas; Oxford, 2018)’, ‘Islam and Democracy after the Arab Spring (with J. Voll and Tamara Sonn; Oxford, 2015)’, ‘Religion and Violence (Mdpi AG, 2016), Who Speaks for Islam? What a Billion Muslims Really Think (with Dalia Mogahed; Gallup, 2008)’, ‘What Everyone Needs to Know About Islam (Oxford, 2011)’, ‘The Future of Islam (Oxford, 2013), and Islamophobia: The Challenge of Pluralism in the 21st Century (Oxford, 2011)’ എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ പുസ്തകങ്ങളാണ്.
‘ദ ഓക്സ്ഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ദി മോഡേൺ ഇസ്‌ലാമിക് വേൾഡ്’, ‘ദ ഓക്സ്ഫോർഡ് ഹിസ്റ്ററി ഓഫ് ഇസ്‌ലാം’, ‘ദ ഓക്സ്ഫോർഡ് ഡിക്ഷണറി ഓഫ് ഇസ്‌ലാം’, ‘ദ ഓക്സ്ഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ദി ഇസ്‌ലാമിക് വേൾഡ് (ആറ് വാല്യങ്ങൾ)’, ‘ഓക്സ്ഫോർഡ് ഇസ്‌ലാമിക് സ്റ്റഡീസ് ഓൺലൈൻ’ ഉൾപ്പെടെ ഓക്സ്ഫോർഡിന്റെ പ്രധാനപ്പെട്ട നിരവധി റഫറൻസ് ഗ്രന്ഥങ്ങളുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
ജോർജ്ടൗൺ സർവകലാശാലയിലെ ‘പ്രിൻസ് അൽ-വലീദ് സെന്റർ ഫോർ മുസ്‌ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിങ്‘ എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനങ്ങളെയും ക്രിസ്ത്യൻ-മുസ്‌ലിം ബന്ധങ്ങളെയും കുറിച്ചുള്ള സംവാദങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 1988ൽ ‘മിഡിൽ ഈസ്റ്റ് സ്റ്റഡീസ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക’യുടെ (എം.ഇ.എസ്.എ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, അമേരിക്കൻ അക്കാദമി ഓഫ് റിലീജിയൻ, അമേരിക്കൻ കൗൺസിൽ ഫോർ ദ സ്റ്റഡി ഓഫ് ഇസ്‌ലാമിക് സൊസൈറ്റീസ് എന്നിവയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1999 മുതൽ 2004 വരെ, ‘സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഇസ്‌ലാം ആൻഡ് ഡെമോക്രസി’യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർമാനായിരുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ‘കൗൺസിൽ ഓഫ് 100 ലീഡേഴ്സ്’, യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻസിന്റെ ഹൈ ലെവൽ ഗ്രൂപ്പ്, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള യൂറോപ്യൻ വിദഗ്ധ സംഘം എന്നിവയിലും അംഗമായിരുന്നു. വിജ്ഞാനരംഗത്തും മതങ്ങളെക്കുറിച്ചുള്ള പൊതുബോധം രൂപപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ച് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
ജീവിതകാലം മുഴുവന്‍ കത്തോലിക്ക വിശ്വാസിയായിരുന്നെങ്കിലും ഇസ്‌ലാമിനെക്കുറിച്ചുള്ള വസ്തുനിഷ്ഠവും സമതുലിതവുമായ പഠനങ്ങളിലൂടെ മുസ്ലിം ലോകത്തിന്റെ വിശ്വാസവും ആദരവും നേടി. എസ്പോസിറ്റോയുടെ വിയോഗം ആഗോള അക്കാദമിക് സമൂഹത്തിനും മതാന്തര സംവാദരംഗത്തിനും വലിയ നഷ്ടമായാണ്. 1998 ഏപ്രിലിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളം സന്ദർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

