
''ഞങ്ങൾക്ക് ആ നല്ല പയ്യനെ നഷ്ടമായി''- 13 വർഷം കുടുംബം കാത്ത 'ചാമ്പി'ന്‍റെ വേർപാടിൽ മനംനൊന്ത് ബൈഡൻ
text_fieldsവാഷിങ്ടൺ: ഒരു പതിറ്റാണ്ടിലേറെ കാലം കരുതലും സ്നേഹവും നൽകി കുടുംബത്തിനൊപ്പമുണ്ടായിരുന്ന പ്രിയ കൂട്ടുകാരനെ നഷ്ടമായ വേദന പുറംലോകവുമായി പങ്കുവെച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ''ഞങ്ങൾക്ക് പ്രിയപ്പെട്ട ആ നല്ലപ്പെട്ട കൂട്ടുകാരനെ നഷ്ടമായിരിക്കുന്നു, എന്നെന്നേക്കും''- 2008 മുതൽ കുടുംബത്തിലെ വിശ്വസ്തനായിരുന്ന ചാമ്പ് എന്ന ജർമൻ ഷെപ്പേർഡ് ഇനത്തിലെ പട്ടിയുടെ വിയോഗമറിയിച്ച് ബൈഡന്‍റെ വാക്കുകൾ.
മുൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്കു കീഴിൽ വൈസ് പ്രസിഡന്‍റായിരുന്ന കാലത്താണ് ചാമ്പ് ബൈഡനൊപ്പമെത്തുന്നത്. അടുത്തിടെ ശാരീരികമായി തളർന്ന ശേഷവും സ്നേഹം കാത്ത് വൈറ്റ്ഹൗസിൽ ചാമ്പുമുണ്ടായിരുന്നു. ഡോണൾഡ് ട്രംപ് ഭരിച്ച നാലു വർഷത്തെ ഇടവേളക്കു ശേഷമാണ് വൈറ്റ് ഹൗസിൽ വീണ്ടും പട്ടികൾ കാവൽക്കാരായി എത്തുന്നത്. 1860കളിൽ ആൻഡ്രൂ ജോൺസണു ശേഷം ആദ്യമായിട്ടായിരുന്നു ഒരു പ്രസിഡന്‍റിനൊപ്പം വളർത്തുപട്ടി വൈറ്റ്ഹൗസിൽ ഇല്ലാതിരുന്നത്. ബൈഡനൊപ്പം ചാമ്പിനു പുറമെ 'മേജർ' എന്ന മറ്റൊരാൾ കൂടിയുണ്ട്.