തായ്വാൻ: തീകൊണ്ട് കളിക്കരുതെന്ന് ബൈഡനോട് ഷി ജിൻപിങ്
text_fieldsബെയ്ജിങ്: തായ്വാൻ വിഷയത്തിൽ തീകൊണ്ട് കളിക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇരു നേതാക്കളും നടത്തിയ മൂന്നു മണിക്കൂറിലേറെ നീണ്ട ഫോൺ സംഭാഷണത്തിലാണ് ചൈന നിലപാടറിയിച്ചത്.
തായ്വാന്റെ സ്വാതന്ത്ര്യ വിഷയത്തിൽ ബാഹ്യശക്തികളുടെ ഇടപെടലും ഷി ശക്തമായി എതിർത്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ''തീ കൊണ്ട് കളിച്ചവർക്ക് പൊള്ളലേറ്റിട്ടേയുള്ളൂ. യു.എസിന് ഇത് വ്യക്തമായി മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു'' -ഷി പറഞ്ഞു.
എന്നാൽ, അമേരിക്കൻ നയം മാറിയിട്ടില്ലെന്ന് ബൈഡൻ പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ സാഹചര്യം ഏകപക്ഷീയമായി മാറ്റുന്നതും പ്രദേശത്ത് സമാധാനവും സ്ഥിരതയും തകർക്കാനുള്ള ശ്രമങ്ങളെയും എതിർക്കുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു. തായ്വാൻ സന്ദർശിക്കുമെന്ന ജനപ്രതിനിധി സഭ അധ്യക്ഷ നാൻസി പെലോസിയുടെ പ്രഖ്യാപനം ചൈനയെ ചൊടിപ്പിച്ചിരുന്നു.