ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ കേസ്: 550 കോടി ഡോളറിന്റെ ഒത്തുതീർപ്പ് പ്രഖ്യാപിച്ച് കമ്പനി
text_fieldsജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ
വാഷിങ്ടൺ: ബേബി പൗഡറിലെ ടാൽക്കം അണ്ഡാശയ അർബുദത്തിന് കാരണമായെന്നാരോപിച്ച് അമേരിക്കയിൽ ഫയൽ ചെയ്ത പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ 550 കോടി ഡോളർ (ഏകദേശം 5.26 ലക്ഷം കോടി രൂപ) നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ (ജെ ആർഡ് ജെ) സമ്മതിച്ചു. വിപണിയിൽ നിന്ന് പിൻവലിച്ച തങ്ങളുടെ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫാർമസ്യൂട്ടിക്കൽ ഭീമനായ കമ്പനിയുടെ ഈ സുപ്രധാന പ്രഖ്യാപനം.
അമേരിക്കയിലെ ഫെഡറൽ, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള ഏകദേശം 69,000 കേസുകളാണ് ഈ ഒത്തുതീർപ്പിന്റെ പരിധിയിൽ വരുന്നത്. രാജ്യത്തെ ആകെ ടാൽക്ക് സംബന്ധമായ കേസുകളുടെ 99.75 ശതമാനവും ഇതിലൂടെ പരിഹരിക്കപ്പെടും. എങ്കിലും, സ്റ്റേറ്റ് അല്ലെങ്കിൽ ഫെഡറൽ കോടതികളിലെ പരാതിക്കാരുടെ 95 ശതമാനം പേരും ഈ ഒത്തുതീർപ്പ് നിർദേശം അംഗീകരിച്ചാൽ മാത്രമേ ഇത് അന്തിമമാകൂ.
2016ൽ അമേരിക്കയിൽ ടാൽക്ക് ഉപയോഗം മൂലം അണ്ഡാശയ കാൻസർ ബാധിച്ച് മരിച്ച ഒരു സ്ത്രീയുടെ കുടുംബത്തിന് 72 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഒരു ജൂറി ഉത്തരവിട്ടിരുന്നു. ഈ കേസ് പിന്നീട് ഒരു വർഷത്തിന് ശേഷം തള്ളിക്കളഞ്ഞെങ്കിലും, കമ്പനിക്കെതിരായ പരാതികൾ പെരുകുകയും യു.എസിലുടനീളമുള്ള വിവിധ കോടതികളിൽ പരാതിക്കാർക്ക് അനുകൂലമായി വിധികൾ വരികയും ചെയ്തു. ഈ വർഷങ്ങളിലെല്ലാം കമ്പനിക്കെതിരായ പോരാട്ടങ്ങൾ തുടരുകയായിരുന്നു. അതേസമയം ഒരു ദശലക്ഷം നീണ്ട കോടതി പോരാട്ടത്തിനൊടുവിൽ ലഭിച്ച മികച്ചൊരു പരിഹാരമായാണ് പരാതിക്കാരുടെ അഭിഭാഷകർ ഈ ഒത്തുതീർപ്പിനെ സ്വാഗതം ചെയ്തത്.
അതേസമയം, യു.കെയിൽ നടക്കുന്ന കേസുകളെ ഈ കരാർ ബാധിക്കില്ല. യു.കെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉൽപ്പന്ന കേസിൽ 7,000ത്തിലധികം പേരാണ് പരാതിക്കാരായി ഉള്ളത്. ടാൽക്ക് കാൻസറിന് കാരണമാകുമെന്ന് കമ്പനിക്ക് അറിയാമായിരുന്നിട്ടും ഉൽപ്പന്നം വിൽക്കുന്നത് തുടർന്നു എന്നാണ് 2025 ഒക്ടോബറിൽ ഫയൽ ചെയ്ത യു.കെ കേസ് ആരോപിക്കുന്നത്. ഈ കേസ് നിലവിൽ യു.കെ ഹൈകോടതിയുടെ പരിഗണനയിലാണ്.
പണ്ടുകാലത്ത് സൗന്ദര്യവർധക വസ്തുക്കളുടെയും ശിശു സംരക്ഷണ ഉൽപ്പന്നങ്ങളുടെയും പ്രധാന ഘടകമായിരുന്നു ടാൽക്ക്. എന്നാൽ ഇത് കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ആശങ്കകൾ ഉയർന്നതോടെ ഇതിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞു. 2024ൽ ലോകാരോഗ്യ സംഘടന ടാൽക്കിനെ ‘മനുഷ്യരിൽ കാൻസറിന് കാരണമാകാൻ സാധ്യതയുള്ള ഒന്നായി’ തരംതിരിച്ചിരുന്നു.
അതേസമയം തങ്ങളുടെ ടാൽക്ക് അധിഷ്ഠിത ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമാകില്ലെന്ന് ജോൺസൺ ആൻഡ് ജോൺസൺ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വ്യാപകമായി ഉപയോഗിക്കുന്ന ബേബി പൗഡറിന്റെ ഫോർമുല കമ്പനി ഇതിനോടകം മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിഷയം പൂർണമായി അവസാനിപ്പിക്കാൻ വേണ്ടിയാണ് ഒത്തുതീർപ്പിന് തയാറാകുന്നതെന്നും ജോൺസൺ ആൻഡ് ജോൺസൺ ലിറ്റിഗേഷൻ വൈസ് പ്രസിഡന്റ് എറിക് ഹാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

