എ.ബി.സി ജിമ്മി കിമ്മലിന്റെ സംപ്രേഷണം നിർത്തിയതിനു പിന്നാലെ ഡിസ്നി, ഇ.എസ്.പി.എൻ, ഹുലു ബഹിഷ്കരണവുമായി പ്രേക്ഷകർ; ആഹ്വാനവുമായി എഴുത്തുകാരും അഭിനേതാക്കളും രംഗത്ത്
text_fieldsവാഷിങ്ടൺ: ട്രംപിന്റെ നിർദേശത്തെ തുടർന്ന് വിഖ്യാത ജനപ്രിയ അവതാരകൻ ജിമ്മി കിമ്മലിന്റെ പ്രതിവാര ഷോ അമേരിക്കൻ മാധ്യമ സ്ഥാപനമായ എ.ബി.സി അനിശ്ചിതമായി നിർത്തിവെച്ചതിനു പിന്നാലെ കടുത്ത ബഹിഷ്‍കരത്തിലേക്കു നീങ്ങി പ്രേക്ഷകർ. ഷോയിൽ വലതുപക്ഷ വാദിയായ ചാർലി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ച് പരാമർശിച്ചതിനെ തുടർന്നാണ് എ.ബി.സി ദീർഘകാലമായുള്ള പരിപാടി നിർത്തിവെച്ചത്. നവംബറിൽ പ്രസിഡന്റ് ട്രംപ് നിയമിച്ച ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ (എഫ്.സി.സി) ചെയർമാൻ ബ്രെൻഡൻ കാറിന്റെ വിമർശനത്തെ തുടർന്നാണ് ഈ നീക്കം.
എന്നാൽ, കിമ്മലിനെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം മറുവശത്തുനിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ എ.ബി.സിയുടെ മാത്രമല്ല, വിപുലമായ മാധ്യമ, വിനോദ സ്ഥാപനങ്ങളുടെ ഉടമസ്ഥതയുള്ള ‘വാൾട്ട് ഡിസ്നി’ കമ്പനിയെയും ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തി. പലരും ഓൺലൈനിൽ അവരുടെ ഡിസ്നി പ്ലസ് സബ്‌സ്‌ക്രിപ്‌ഷനുകളും ഇ.എസ്.പി.എൻ, ഹുലു പോലുള്ള ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളും പിൻവലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയാണ്.
കിമ്മലിന്റെ ഷോ നിർത്തിവെച്ചതിൽ പ്രതിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ പ്രകടിപ്പിച്ചും എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ ലോസ് ഏഞ്ചൽസിലെ ഡിസ്നി ആസ്ഥാനത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ടതോടെ സൈബർ ഇടത്തിൽ നിന്ന് പുറത്തേക്കും ഈ പ്രതിഷേധം വ്യാപിക്കുകയാണ്.
പെഡ്രോ പാസ്കൽ, ആദം സ്കോട്ട്, വാണ്ട സൈക്‌സ് എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളും കിമ്മലിന് ഓൺലൈനിൽ പിന്തുണ അറിയിച്ചു. തീരുമാനം മാറ്റിയില്ലെങ്കിൽ ഭാവി പദ്ധതികളിൽ ഡിസ്നിയുമായി പ്രവർത്തിക്കില്ലെന്ന് എ.ബി.സിയുടെ ‘ലോസ്റ്റി’ന്റെ സഹ നിർമാതാവും തിരക്കഥാകൃത്തുമായ ഡാമൺ ലിൻഡെലോഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
ഡിസ്‌നിയുടെ പരമ്പരയിൽ ഷീ ഹൾക്കിനെ അവതരിപ്പിക്കുന്ന മാർവൽ താരം ടാറ്റിയാന മസ്ലാനി, ഡിസ്‌നി പ്ലസ്, ഇ.എസ്.പി.എൻ, ഹുലു എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കാൻ ആരാധകരോട് ആഹ്വാനം ചെയ്തു. 2003 മുതൽ ‘ജിമ്മി കിമ്മൽ ലൈവ്’ സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാൽ, ബഹിഷ്‍കരണാഹ്വാനങ്ങളോട് എ.ബി.സി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

