ജിയാങ് സെമിൻ: ചൈനയെ വളർച്ചയിലേക്ക് നയിച്ച നേതാവ്
text_fields1996 നവംബർ 30ന് ഇന്ത്യയിലെത്തിയ ജിയാങ് സെമിൻ ആഗ്രയിലെ താജ്മഹലിന് മുന്നിൽ പോസ് ചെയ്യുന്നു (ചിത്രം: റോയിട്ടേഴ്സ്)
ബീജിങ്: മുതലാളിത്ത സാമ്പത്തിക പാതയിലേക്കുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയംമാറ്റത്തിന് കാരണക്കാരനായ ഡെങ് സിയാവോ പിങ്ങിന്റെ ഉറച്ച പിൻഗാമിയായിരുന്നു അന്തരിച്ച ജിയാങ് സെമിൻ. പൂച്ച കറുത്തതായാലും വെളുത്തതായാലും എലി പിടിച്ചാൽ മതി എന്ന വാചകത്തിലുടെ സാമ്പത്തിക ഉദാരവാദത്തെ സ്വീകരിക്കുകയും രാജ്യത്തെ സാമ്പത്തികവളർച്ചയുടെ പാതയിലേക്ക് നയിക്കുകയുമാണ് ഡെങ് ചെയ്തതെങ്കിൽ ജിയാങ് ഒരുപടികൂടി കടന്ന് മുതലാളിമാർക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകുകയും ചെയ്തു.
ചൈനയെ ലോക വ്യാപാരസംഘടനയിൽ അംഗമാക്കുകയും തുറന്ന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വൻ സാമ്പത്തിക ശക്തിയാക്കുകയും ചെയ്തത് ജിയാങ് സെമിനാണ്. 1989ൽ ടിയാനൻമെൻ ചത്വരത്തിലുണ്ടായ ജനാധിപത്യ പ്രക്ഷോഭത്തെതുടർന്നാണ് ജിയാങ് സെമിൻ ചൈനീസ് പ്രസിഡന്റാകുന്നത്. ടിയാനൻമെനിനുശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ ആശയപരമായ പ്രശ്നങ്ങളെ സമർഥമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനായി.
ചൈന ഉദാരവിപണിയുടെ പാത സ്വീകരിച്ചപ്പോഴും രാജ്യത്തിനകത്ത് അദ്ദേഹം ഇരുമ്പുമറ നിലനിർത്തി. വിയോജിപ്പുകളെ അവഗണിക്കുകയും മനുഷ്യാവകാശ-ജനാധിപത്യ അനുകൂല പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരക്കുത്തകക്ക് ഭീഷണിയാകുമെന്ന് കരുതിയ ഫലുൻ ഗോങ് ആത്മീയ പ്രസ്ഥാനത്തെ നിരോധിച്ചതും അദ്ദേഹമായിരുന്നു.
2004ൽ ജിയാങ് തന്റെ ഔദ്യോഗിക പദവികളിൽനിന്ന് ഒഴിഞ്ഞെങ്കിലും പിന്നണിയിൽ അധികാരകേന്ദ്രമായി നിലകൊണ്ടു. 2012ൽ അധികാരമേറ്റ നിലവിലെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഉദയത്തിന് കാരണമായതും അദ്ദേഹമായിരുന്നു. ജിയാങ്ങിന്റെ സാമ്പത്തിക ഉദാരവത്കരണവും കർശനമായ രാഷ്ട്രീയ നിയന്ത്രണങ്ങളും ഷി ജിൻപിങ് തുടരുകയും ചെയ്തു.
ജനറൽ സെക്രട്ടറി എന്ന നിലയിൽ 13 വർഷമാണ് അദ്ദേഹം പാർട്ടിയെ നയിച്ചത്. ബ്രിട്ടനിൽനിന്ന് ഹോങ്കോങ്ങും പോർചുഗലിൽനിന്ന് മക്കാവോയും തിരിച്ചുപിടിച്ചതും സുപ്രധാന നേട്ടമായിരുന്നു. ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുകയെന്ന രാജ്യത്തിന്റെ സ്വപ്നം സഫലമാക്കിയതും ജിയാങ് സെമിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

