ജെസ്സി ജാക്സൺ: അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശ
text_fieldsമാർട്ടിൻ ലൂഥർ കിങ് ജൂനിയർ (വലത്തുനിന്ന് രണ്ടാമത്) കൊല്ലപ്പെടുന്നതിന് തലേദിവസം ജെസ്സി ജാക്സനൊപ്പം (ഇടത്തുനിന്ന് രണ്ടാമത്)
വാഷിങ്ടൺ: നീതിക്കും സമത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു അന്തരിച്ച ജെസ്സി ജാക്സന്റെ ജീവിതം. സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായുള്ള ആഗോള പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചൂടുപകർന്നു.
1941 ഒക്ടോബർ എട്ടിന് സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെയിൽ ജനിച്ച ജെസ്സി ജാക്സൺ അടിച്ചമർത്തപ്പെട്ടവരുടെ പ്രതീക്ഷയായിരുന്നു. കറുത്ത വർഗക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കും ഉന്നമനത്തിനുമായി ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്റെ ജീവിതം, 84ാം വയസ്സിൽ വിടവാങ്ങുന്നതുവരെ പോരാട്ട പാതയിലായിരുന്നു. 1960കളിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറുമായുള്ള അടുപ്പം അദ്ദേഹത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തി.
അമേരിക്കയുടെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡന്റാകാൻ തനിക്ക് പ്രചോദനമായത് ജെസ്സി ജാക്സനായിരുന്നുവെന്ന് ബറാക്ക് ഒബാമ അനുസ്മരിച്ചത് അദ്ദേഹം ആരായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. ഒബാമ വിജയിച്ച രാത്രി നിറകണ്ണുകളോടെ നിൽക്കുന്ന ജാക്സന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ചരിത്ര മുഹൂർത്തത്തിൽ തനിക്ക് വികാരം അടക്കാനായില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
1999ൽ യുഗ്ലോസ്ലാവിയയിലെ നാറ്റോ ബോംബിങ്ങിനിടെ മൂന്ന് അമേരിക്കൻ സൈനികർ എതിർ സൈന്യത്തിന്റെ പിടിയിലായപ്പോൾ മോചിപ്പിക്കാൻ നിർണായക ഇടപെടൽ നടത്തിയത് ജെസ്സി ജാക്സനായിരുന്നു. ആഫ്രിക്കൻ അമേരിക്കക്കാരെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങൾക്കായി പൊരുതാനും ജെസ്സി ജാക്സൺ മുൻപന്തിയിൽനിന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകാൻ 1984ലും 1988ലും അദ്ദേഹം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയെ പരിവർത്തനത്തിന്റെ പാതയിലേക്ക് നയിക്കാൻ ഈ ശ്രമങ്ങളിലൂടെ ജെസ്സി ജാക്സന് സാധിച്ചു. കറുത്തവരും ലാറ്റിനോകളും തദ്ദേശീയ അമേരിക്കക്കാരും ഏഷ്യക്കാരുമായ ദശലക്ഷക്കണക്കിന് വോട്ടർമാരെ രജിസ്റ്റർ ചെയ്യിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്വഭാവത്തെ കാര്യമായി മാറ്റിമറിച്ചു. ഇന്ന് ബഹുഭൂരിപക്ഷം കറുത്ത വർഗക്കാരുടെയും പിന്തുണ ഡെമോക്രാറ്റിക് പാർട്ടിക്കാണ്.
1968ൽ ടെന്നസിയിലെ മെംഫിസിൽവെച്ച് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെടുമ്പോൾ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. പൗരാവകാശ പ്രക്ഷോഭത്തിനായാണ് ഇരുവരും മെംഫിസിൽ എത്തിയത്. മാർട്ടിൻ ലൂഥർ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം അദ്ദേഹത്തിന്റെ രക്തം പുരണ്ട തന്റെ വസ്ത്രവുമായാണ് ജെസി ജാക്സൺ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. പാർശ്വവത്കൃത സമൂഹങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ 1971ൽ ഓപറേഷൻ പുഷ്, പിന്നീട് ദേശീയ മഴവിൽ സഖ്യം എന്നീ മുന്നേറ്റങ്ങൾക്കും അദ്ദേഹം രൂപം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

