എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ
text_fieldsജെഫ്രി എപ്സ്റ്റീൻ
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തതല്ലെന്നും കൊല്ലപ്പെട്ടതാകാമെന്നും ഫോറൻസിക് വിദഗ്ധൻ. ന്യൂയോർക്ക് മെഡിക്കൽ എക്സാമിനറുടെ രേഖകളും ചിത്രങ്ങളും പരിശോധിച്ച ബ്രിട്ടീഷ് വിദഗ്ധൻ പ്രഫ. മൈക്കൽ ഫ്രീമാനാണ് പുതിയ വിലയിരുത്തൽ നടത്തിയത്.
എപ്സ്റ്റീനെ പിന്നിൽനിന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. എന്നാൽ പഠനം വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് വിധേയമായിട്ടില്ല. മൃതദേഹം നേരിട്ട് പരിശോധിച്ചിട്ടുമില്ല.
എപ്സ്റ്റീന്റെ ഇടത് തോളിൽ ആഴത്തിലുള്ള രക്തസ്രാവം, മുഖത്ത് മർദനമേറ്റതിന്റെ അടയാളങ്ങൾ, കഴുത്തിൽ കെട്ടിന്റെ പാടിന് മുകളിലായി മുറിവുകൾ, നഖംകൊണ്ടുള്ള അടയാളങ്ങൾ എന്നിവ കണ്ടെത്തിയതായി ഫ്രീമാൻ പറഞ്ഞു.
സംഘർഷത്തിനിടെ കഴുത്തിലെ കെട്ട് നീക്കാൻ ശ്രമിച്ചതിന്റെ സൂചനയാകാമിതെന്നും അദ്ദേഹം വിലയിരുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിൽ തൂക്കിയിട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു.
2019 ആഗസ്റ്റ് 10നാണ് ലൈംഗിക കടത്ത് കേസിൽ വിചാരണ കാത്തിരിക്കെ ന്യൂയോർക്കിലെ ജയിലിൽ എപ്സ്റ്റീനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഔദ്യോഗിക നിഗമനം.
മരണകാരണം ആത്മഹത്യയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അന്നത്തെ ന്യൂയോർക്ക് ചീഫ് മെഡിക്കൽ എക്സാമിനർ ഡോ. ബാർബറ സാംപ്സണും വ്യക്തമാക്കിയിട്ടുണ്ട്. കഴുത്തുഞെരിച്ചുള്ള കൊലപാതകങ്ങളിൽ കാണുന്ന പ്രതിരോധ പരുക്കുകൾ എപ്സ്റ്റീന്റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
എപ്സ്റ്റീനെ ആരാണ് കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ അഭിപ്രായമില്ലെന്നും കണ്ടെത്തലുകൾ മറ്റുവിദഗ്ധർ പരിശോധിക്കണമെന്നും ഫ്രീമാൻ ആവശ്യപ്പെട്ടു.

