‘ഇറാൻ ആണവായുധം നിർമിക്കില്ല, ധനസഹായ വാർത്തകൾ വ്യാജം’; സമാധാന കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ജെ.ഡി വാൻസ്
text_fieldsജെ ഡി വാൻസ്
വാഷിങ്ടൺ: ഇറാന്റെ ആണവ പദ്ധതികളെ പൂർണ്ണമായും തടയുന്ന പുതിയ യു.എസ് - ഇറാൻ സമാധാന കരാറിന്റെ ഘടന വെളിപ്പെടുത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇറാൻ തങ്ങളുടെ നിലപാടുകളിൽ വിശ്വസനീയമായ മാറ്റങ്ങൾ വരുത്തിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, കരാറിന്റെ ഭാഗമായി അമേരിക്ക ഇറാന് കോടിക്കണക്കിന് ഡോളർ കൈമാറുന്നുണ്ടെന്ന വാർത്തകൾ വാൻസ് പൂർണ്ണമായും തള്ളി. ‘കരാറുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. അമേരിക്ക ഇറാന് 24 ബില്യൺ ഡോളർ നൽകുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ ഞാൻ കണ്ടു. ഇത് പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ് വാൻസ് പറഞ്ഞു. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ആഗോള വിപണിയിൽ എണ്ണവില കുറയുന്നതും ഉൾപ്പെടെ കരാറിന്റെ പ്രധാന നേട്ടങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതിനൊപ്പം, രാജ്യം സമാധാനത്തിന്റെ പാതയിലേക്ക് വന്നാൽ ബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത് ഇറാൻ നിർത്തലാക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. നിലവിൽ സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന ആണവ സാമഗ്രികളുടെ ശേഖരം പൂർണ്ണമായും ഇല്ലാതാക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം അവർ പൂർണ്ണമായി നിർത്തിവെച്ചാൽ മാത്രമേ കരാറിലെ മറ്റ് ആനുകൂല്യങ്ങൾ ഇറാന് ലഭിക്കൂ എന്ന് വാൻസ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ഇറാന്റെ ആണവശേഖരം നശിപ്പിക്കുന്നത് അമേരിക്ക ഉറപ്പുവരുത്തും.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവ കരാറിൽ (JCPOA) നിന്നും പുതിയ കരാറിനുള്ള വ്യത്യാസവും വാൻസ് ചൂണ്ടിക്കാട്ടി. ഒബാമയുടെ കരാറിനെ ഗൾഫ് അറബ് രാജ്യങ്ങൾ കടുത്ത രീതിയിൽ എതിർത്തിരുന്നു. കാരണം ആ കരാർ ഇറാന് കൂടുതൽ കരുത്ത് നൽകുന്നതായിരുന്നു. കൂടാതെ പരിശോധനാ സംവിധാനങ്ങളിലെ പോരായ്മകളും വലിയ പ്രശ്നമായിരുന്നു. എന്നാൽ പുതിയ കരാറിനെ ഗൾഫ് അറബ് രാജ്യങ്ങൾ പൂർണ്ണമായും പിന്തുണക്കുന്നുണ്ടെന്നും പശ്ചിമേഷ്യയുടെ ഭാവി മാറ്റിയെഴുതാൻ ഈ സമാധാന കരാറിന് സാധിക്കുമെന്നും വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

