Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് ക്യാമ്പിൽ പടലപ്പിണക്കം? പ്രതിരോധ സെക്രട്ടറി ഹെഗ്സേത്ത് ട്രംപിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജെ.ഡി വാൻസ്

text_fields
bookmark_border
Donald Trump
cancel

വാഷിങ്ടൺ: യഥാർഥ വിവരങ്ങൾ മറച്ചുവെച്ച് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേത്തും പെന്റഗണും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. പ്രതിരോധ വകുപ്പിനെയും സെക്രട്ടറിയെയും പ്രതിക്കൂട്ടിലാക്കി വാൻസ് പരസ്യമായി രംഗത്തിറങ്ങിയതായാണ് റിപ്പോർട്ടുകൾ. എട്ടാഴ്ച പിന്നിട്ട ഇറാൻ യുദ്ധത്തിനിടെ യു.എസ് ആയുധപ്പുരകളിൽ ഇറാൻ ഏൽപിച്ച കനത്ത നാശം പറയാതെ ഹെഗ്സേത്തും സൈനിക മേധാവി ഡാൻ കെയിനും വെറുതെ പൊങ്ങച്ചം നടിക്കുകയാണെന്നാണ് ആക്ഷേപം.

ഇറാന്റെ വ്യോമ, നാവിക, പ്രതിരോധ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ചുവെന്നും അമേരിക്കൻ ആയുങ്ങൾ ഇപ്പോഴും വേണ്ടുവോളം അവശേഷിക്കുന്നുവെന്നുമാണ് പ്രതിരോധ വകുപ്പ് പുറത്തുപറയുന്നത്. എന്നാൽ, ഇതല്ല വസ്തുതയെന്നും വൻതോതിൽ ആയുധനഷ്ടം രാജ്യത്തിനുണ്ടായെന്നും യഥാർഥ കണക്കുകൾ സൂചിപ്പിക്കുന്നു. ചൈനയുമായി കൊമ്പുകോർക്കുന്ന തായ്‍വാനിലും ഉത്തര കൊറിയക്കെതിരെ ദക്ഷിണ കൊറിയയിലും റഷ്യക്കെതിരെ യൂറോപിലും ആയുധങ്ങളേറെ വേണമെന്നിരിക്കെ നിലവിൽ തെറ്റായ ചിത്രം നൽകി ഇനിയും സംഘർഷം നീട്ടിക്കൊണ്ടുപോകുന്നത് ആത്മഹത്യാപരമാണെന്നാണ് വാൻസിന്റെ പക്ഷം. ഈ വിഷയം പ്രസിഡന്റ് ട്രംപിനു മുന്നിൽ വാൻസ് നേരിട്ട് അവതരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഹെഗ്സേത്തും കെയിനും നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ആഴ്ചകൾക്ക് മുന്നേ യു.എസ് ഇതിനകം വിജയം നേടിക്കഴിഞ്ഞതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാൻ ആകാശത്ത് യു.എസ് സമ്പൂർണ ആധിപത്യം നേടിയതായി കഴിഞ്ഞ മാർച്ചിൽ ഹെഗ്സേത്തും അവകാശപ്പെട്ടു. എന്നാൽ, ഏപ്രിലിലാണ് അമേരിക്കൻ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടത്. രക്ഷാദൗത്യം വ്യോമസേനക്കടക്കം വരുത്തിയ നഷ്ടങ്ങൾ സമീപകാലത്ത് സമാനതകളില്ലാത്തതായിരുന്നു.

നിലവിൽ, വ്യോമസേനയുടെ മൂന്നിൽ രണ്ടും ഇറാൻ നിലനിർത്തുന്നതായും മിസൈൽ വിക്ഷേപണ സംവിധാനം ശക്തമാണെന്നുമാണ് സൂചന. ചെറു അതിവേഗ ബോട്ടുകളും ഇറാൻ വ്യോമസേനക്ക് കരുത്തായുണ്ട്. അവയാണ് ഹുർമുസിൽ മൈൻ വിതറി യാത്ര ദുഷ്‍കരമാക്കുന്നത്. ഇറാനെ കീഴടക്കിയാൽ പോലും ഈ മൈനുകൾ സൃഷ്ടിക്കാവുന്ന നാശനഷ്ടം കപ്പൽ ഗതാഗതത്തെ ബാധിക്കുമെന്നുറപ്പ്. മറുവശത്ത്, ഇറാൻ മിസൈലുകളെ ചെറുക്കുന്ന ഇന്റർസെപ്റ്ററുകൾ, ടോമഹോക്ക് അടക്കം മിസൈലുകൾ എന്നിവയിൽ കാര്യമായ കുറവ് അമേരിക്കൻ സേനയെ അലട്ടുന്നുണ്ട്. മേഖലയിൽ വിന്യസിച്ച ആയുധങ്ങളിൽ പകുതിയിലേറെയും ഉപയോഗിച്ചുതീരുകയോ ഇറാൻ മിസൈലേറ്റ് തകരുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഒപ്പം, ഇസ്രായേലിനും യുക്രെയ്നും വാരിക്കോരി നൽകുക കൂടി ഇതിന്റെ ഭാഗമാണെന്നത് യു.എസിന് വൻപരീക്ഷണമാകും.

ഇറാനെതിരായ യുദ്ധത്തിൽ മതം കൂടി ചേർത്തതിന്റെ പഴി ട്രംപ് ഭരണകൂടത്തിന് ആവോളമുണ്ട്. താൻ ക്രിസ്തുമതത്തിന് വേണ്ടിയാണ് രംഗത്തുള്ളതെന്ന് നേഷനൽ റിലീജ്യസ് ബ്രോഡ്കാസ്റ്റേഴ്സ് നെറ്റ്‍വർക് പ്രഭാഷണത്തിൽ പ്രതിരോധ സെക്രട്ടറി പറഞ്ഞിരുന്നു.

ഹെഗ്സേത്ത് യു.എസ് കോൺഗ്രസിനു മുന്നിൽ

വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യു.എസ് കോൺഗ്രസിൽ ഇന്ന് പ്രതിരോധ സെക്രട്ടി പീറ്റർ ഹെഗ്സേത്ത് ഹാജരാകും. സഭംഗങ്ങളുടെ കടുത്ത ചോദ്യങ്ങൾക്ക് ഹെഗ്സേത്ത് മറുപടി നൽകേണ്ടിവരും.

യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് നേരിട്ട് ഉത്തരവിട്ട യുദ്ധം രണ്ടു മാസം പിന്നിട്ടെങ്കിലും എവിടെയുമെത്തിയിട്ടില്ല. ഹുർമുസിൽ ഇറാന്റെ ഉപരോധത്തെ തോൽപിക്കാൻ ഇറാൻ തുറമുഖങ്ങൾക്കുമേൽ ഉപരോധം നടപ്പാക്കുകയാണ് പ്രധാനമായി യു.എസ് ഇന്ന്. യു.എസ് ബജറ്റിനുമേൽ അനാവശ്യ ഭാരമേൽപിച്ച യുദ്ധം കൂടുതൽ നഷ്ടക്കണക്കുകളിലേക്ക് കൂപ്പുകുത്തിയെന്നതിനൊപ്പം പശ്ചിമേഷ്യയിൽ യു.എസ് താവളങ്ങൾ അനായാസം ആക്രമിക്കപ്പെട്ടതും സഭയിൽ വിഷയമാകും.

യുദ്ധത്തെ തുടക്കം മുതൽ ഡെമോക്രാറ്റുകൾ വിമർശിച്ചെങ്കിൽ റിപ്പബ്ലിക്കന്മാർ ഇപ്പോഴും ട്രംപിനെ പിന്തുണക്കുന്നവരാണ്. എണ്ണവില കുത്തനെ ഉയർന്നതടക്കം ആഗോള സമ്പദ്‍വ്യവസ്ഥക്കുമേൽ യുദ്ധമേൽപിച്ച ആഘാതവും കോൺഗ്രസിൽ ചർച്ചയാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JD Vance Fears Pete Hegseth 'Misleading' Trump On Iran War
Next Story