ഭാര്യയുടെ മൃതദേഹം ഇൻസിനറേറ്ററിൽ തള്ളിയെന്ന്; മൃഗശാല അടച്ചിട്ട് അധികൃതർ
text_fieldsടോക്കിയോ: ഭാര്യയുടെ മൃതദേഹം താൻ ജോലിചെയ്യുന്ന മൃഗശാലയിലെ ഇൻസിനറേറ്ററിലേക്ക് തള്ളിയതായി അറിയിച്ച് ജപ്പാനിലെ അസഹിയാമയിലെ പൊലീസ് സ്റ്റേഷനിലേക്ക് രാവിലെതന്നെ ഒരാളെത്തി. കാര്യം കേട്ട് ആദ്യം സ്തബ്ധരായെങ്കിലും പൊലീസുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംഭവം സത്യമാണോ എന്നറിയാൻ പൊലീസ് വടക്കൻ നഗരമായ അസഹിയാമയിലെ മൃഗശാലയിലെത്തി. ഒരാഴ്ച മുമ്പാണ് ഭാര്യയുടെ മൃതദേഹം ഇൻസിനറേറ്ററിലിട്ടതെന്ന് ജീവനക്കാരൻ അറിയിച്ചു.
മൃഗശാലയിലെ ജീവികൾ ചത്താൽ അവയെ സംസ്കരിക്കാനാണ് അധികൃതർ ഇൻസിനറേറ്റർ ഉപയോഗിച്ചിരുന്നത്. തുടർന്ന് പൊലീസ് മൃഗശാലാ പരിസരം അരിച്ചു പെറുക്കിയതായി ജാപ്പനീസ് മാധ്യമങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ജീവനക്കാരന്റെ ഭാര്യയെ കാണാതായതായി ഒരു സുഹൃത്ത് പൊലീസിൽ റിപ്പോർട്ട് ചെയ്തതുമുതൽ അവർക്കായി തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
1967 മുതൽ പ്രവർത്തിക്കുന്ന ജപ്പാനിലെ ഏറ്റവും പ്രശസ്തമായ മൃഗശാലകളിൽ ഒന്നാണ് അസഹിയാമ മൃഗശാല. ഗ്ലാസ് താഴികക്കുടങ്ങളും ഓവർഹെഡ് കൂടുകളും ഉൾപ്പെടുന്ന ഈ മൃഗശാല സന്ദർശകർക്ക് പ്രിയപ്പെട്ടതാണ്. മൃഗങ്ങളെ അടുത്തുനിന്ന് നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഈ മൃഗശാലയെ പ്രശസ്തമാക്കിയത്. എന്നാൽ മൃഗശാല സന്ദർശിക്കാൻ വന്നവർ പൊലീസ് അന്വഷണം മൂലം നിരാശരായി മടങ്ങേണ്ടിവന്നു. അന്വേഷണം തുടരുന്നതിനാൽ വെള്ളിയാഴ്ച വരെ മൃഗശാല അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മൂന്നാഴ്ചത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ജപ്പാനിലെ ‘ഗോൾഡൻ വീക്ക്’ അവധിക്കാലത്ത് സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സംഭവം. എത്രയും വേഗം പ്രതിസന്ധികൾ മറികടന്ന് പാർക്ക് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

