15 വർഷമായി അടച്ചു പൂട്ടിയ ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ
text_fieldsടോക്യോ: ഒന്നരപതിറ്റാണ്ടു മുമ്പ് അടച്ചുപൂട്ടിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം പ്രവർത്തനസജ്ജമാക്കാനൊരുങ്ങി ജപ്പാൻ. ഫുകുഷിമ ദുരന്തത്തെ തുടർന്ന് ജപ്പാനിൽ രാജ്യവ്യാപകമായി ആണവ റിയാക്ടറുകൾ അടച്ചുപൂട്ടിയിരുന്നു. ആണവനിലയം പ്രവർത്തനക്ഷമമാക്കുന്നതിനെ തുടർന്ന് വലിയ ആശങ്കകളും ഉയർന്നിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെ ആണവ നിലയം വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജപ്പാൻ.
അതേസമയം, കാശിവാസാക്കി-കരിവയിലെ ഏഴ് റിയാക്ടറുകളിൽ ഒന്ന് മാത്രമാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. ഈ നിലയം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ആണവ പ്ലാന്റിന് 8.2 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ദശലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി നൽകാൻ ഇത് മതിയാകും.
ജപ്പാൻ കടലിന്റെ തീരത്തുള്ള നിഗറ്റയിൽ 4.2 ചതുരശ്ര കിലോമീറ്റർ (1.6 ചതുരശ്ര മൈൽ) ഭൂമിയിലാണ് പ്ലാന്റ് വ്യാപിച്ചുകിടക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനാണ് ജപ്പാൻ വീണ്ടും ആണവോർജത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കടലിൽ നിന്നുള്ള കാറ്റാടി ഊർജം വികസിപ്പിക്കുന്ന പദ്ധതിയിൽ ജപ്പാൻ തിരിച്ചടി നേരിട്ടിരുന്നു. ജപ്പാൻ പുനരാരംഭിക്കുന്ന 15ാമത്തെ പ്ലാന്റാണ് കാശിവാക്കി-കരിവ. 2011ലെ ഫുകുഷിമ ദുരന്തത്തെത്തുടർന്നാണ് ജപ്പാൻ 54 റിയാക്ടറുകളും അടച്ചുപൂട്ടിയത്.
പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള പ്ലാന്റുകൾ പുനരാരംഭിക്കുന്നതിനൊപ്പം പുതിയ റിയാക്ടറുകളുടെ നിർമാണത്തിനും പ്രധാനമന്ത്രി സനേ തകായിച്ചി സമ്മർദം ചെലുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

