Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണ കൊറിയക്ക് പിന്നാലെ ജപ്പാനിലും റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ആരോപണം; യുദ്ധവിമാനങ്ങൾ അയച്ച് ജപ്പാൻ

text_fields
bookmark_border
news
cancel

ടോക്കിയോ: റഷ്യൻ സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി സംശയിച്ച് ജപ്പാൻ യുദ്ധവിമാനങ്ങൾ അയച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് രണ്ട് റഷ്യൻ വിമാനങ്ങൾ ജപ്പാന്റെ വ്യോമാതിർത്തിയിൽ കടന്നതെന്നാണ് ആരോപണം. സംഭവത്തിൽ ജപ്പാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദക്ഷിണ കൊറിയയും തായ്‌വാനും തങ്ങളുടെ വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖലകളിൽ റഷ്യൻ സൈനിക വിമാനങ്ങൾ എത്തിയതിനെ തുടർന്ന് യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി അറിയിച്ചു.

രാജ്യങ്ങളുടെ ഔദ്യോഗിക വ്യോമാതിർത്തിക്ക് പുറത്തുള്ള സുരക്ഷാ നിരീക്ഷണ മേഖലകളാണ് വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖലകൾ. ഇത്തരം മേഖലകളിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ ആഴ്ച ചൈനയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് (APEC) മുന്നോടിയായാണ് സംഭവം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മേഖലയിലെ റഷ്യയുടെ സൈനിക ശക്തിയുടെ ഓർമപ്പെടുത്തൽ കൂടിയാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തൽ.

ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒക്കിനോഷിമ ദ്വീപിന് സമീപമായിരുന്നു റഷ്യൻ വിമാനങ്ങളുടെ സഞ്ചാരമെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര പറഞ്ഞു. വിമാനങ്ങളുടെ സഞ്ചാരപാത ജപ്പാന്റെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്ച രണ്ട് റഷ്യൻ സൈനിക വിമാനങ്ങൾ തങ്ങളുടെ വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് സൈന്യം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി തായ്‌വാൻ അറിയിച്ചു.

ജപ്പാൻ കടലിന് മുകളിലുള്ള വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് റഷ്യൻ സൈനിക വിമാനങ്ങൾ എത്തിയതിനെ തുടർന്ന് യുദ്ധവിമാനങ്ങൾ അയച്ചതായി ദക്ഷിണ കൊറിയയും വ്യക്തമാക്കി. എന്നാൽ വിമാനങ്ങൾ ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വ്യോമാതിർത്തി ലംഘിക്കാതെ പിന്നീട് മടങ്ങിയതായി അധികൃതർ അറിയിച്ചു.

മൂന്ന് രാജ്യങ്ങളും നിരീക്ഷിച്ചത് ഒരേ വിമാനങ്ങളെയാണോ അതോ വ്യത്യസ്ത വിമാനങ്ങളെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചൈന, തായ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വ്യോമപ്രതിരോധ തിരിച്ചറിയൽ മേഖലകൾ പരസ്പരം അതിർത്തി പങ്കിടുന്നതും ചിലയിടങ്ങളിൽ കൂട്ടിമുട്ടുന്നതുമാണ് കിഴക്കൻ ചൈനാക്കടലിലെ സാഹചര്യം സങ്കീർണമാക്കുന്നത്.

വിദേശ സൈനിക വിമാനങ്ങൾ ഇത്തരം മേഖലകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രാജ്യങ്ങളെ വിവരം അറിയിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നിയമപരമായി അത് നിർബന്ധമല്ല.

പസഫിക് സമുദ്രത്തിലെ ഒരു കൂട്ടം ദ്വീപുകളെച്ചൊല്ലി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കമാണ് ജപ്പാനും റഷ്യയും തമ്മിലുള്ള സംഘർഷത്തിന് പ്രധാന കാരണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജപ്പാനുമേൽ സമ്മർദം ശക്തമാക്കുകയാണ് റഷ്യ.

ഓഗസ്റ്റിൽ റഷ്യൻ പ്രസിഡന്റ് പുടിൻ തർക്കത്തിലുള്ള ദ്വീപുകളിലൊന്നിൽ ആദ്യമായി സന്ദർശനം നടത്തിയിരുന്നു. ഇതിനെതിരെ ജപ്പാൻ പ്രധാനമന്ത്രി സാനേ തകായിച്ചി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒക്ടോബറിൽ ചാരവൃത്തി ആരോപിച്ച് റഷ്യ ഒരു ജാപ്പനീസ് മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Following South Korea, allegations surface that Russian aircraft violated airspace in Japan too; Japan scrambles fighter jets
Next Story