ദിവസവും രണ്ട് മണിക്കൂർ മൊബൈൽ ഉപയോഗിച്ചാൽ മതി; ഫോൺ അഡിക്ഷൻ കുറക്കാൻ നടപടിയുമായി ജപ്പാൻ നഗരം
text_fieldsപ്രതീകാത്മക ചിത്രം
വീട്ടു സാധനങ്ങൾ വാങ്ങാനും വിനോദത്തിനും അങ്ങനെ എല്ലാത്തിനും ഒരു ദിവസത്തിന്‍റെ സിംഹഭാഗവും മൊബൈലിൽ ചെലവഴിക്കുന്നവരാണ് നമ്മൾ. മൊബൈൽ അഡിക്ഷൻ മാറ്റുന്നതിനായി ഒരു ദിവസം ഫോൺ ഉപയോഗിക്കാവുന്ന സമയം പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ് ജപ്പാനിലെ ടിയോകെ നഗരം. ദിവസവും 2 മണിക്കൂർ മാത്രം ഫോൺ ഉപയോഗിക്കാനാണ് ഇവിടുത്തെ ജനങ്ങളോട് മേയർ ആവശ്യപ്പെട്ടിരിക്കുന്നത്.
മൊബൈൽ ഫോണുകളുടെ അമിതോപയോഗം കൊണ്ടുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് ഇത്തരത്തിൽ നിർദേശമെന്ന് നഗരത്തിലെ മേയർ മസാഫുമി കോകി പറയുന്നു. ഫോൺ ഉപയോഗം കുറക്കുന്നതിനുള്ള പുതിയ നിർദേശം മുൻസിപ്പൽ ഭരണകൂടം നിയമ നിർമാതാക്കൾക്കു മുന്നിൽ സമർപ്പിച്ചു കഴിഞ്ഞു. ഇവരുടെ അംഗീകാരം ലഭിച്ചാൽ ഒക്ടോബർ മുതൽ നിയമം നടപ്പിലാക്കും. എന്നാൽ നിർദേശിക്കുന്ന സമയ പരിധിയിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ശിക്ഷ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.
6 മുതൽ 12 വയസ്സുവരെയുള്ള പ്രൈമറി സ്കൂൾ വിദ്യാർഥികൾ വൈകിട്ട് 9 മണിക്ക് ശേഷവും കൗമാര പ്രായത്തിലുള്ളവരും മുതിർന്നവരും വൈകിട്ട് 10 മണിക്ക് ശേഷവും ഫോൺ ഉപയോഗിക്കരുതെന്ന് ബില്ല് നിർദേശിക്കുന്നു. ജോലിക്കും പഠനത്തിനും ഒഴിച്ച് മറ്റ് കാര്യങ്ങൾക്കുള്ള ഫോൺ ഉപയോഗം കുറക്കലാണ് മാർഗ നിർദ്ദേശത്തിന്‍റെ ലക്ഷ്യം.
എന്നാൽ ഭരണകൂടത്തിന്‍റെ പുതിയ മാർഗ നിർദേശങ്ങളിൽ വലിയ എതിർപ്പുകൾ ഉയർന്നു വരുന്നുണ്ട്. 2 മണിക്കൂർ മാത്രം ഫോൺ ഉപയോഗിക്കുക എന്നത് അപ്രയോഗികമാണെന്ന് ആളുകൾ അഭിപ്രായപ്പെടുന്നത്. 2 മണിക്കൂർ ഫോണിൽ ഒരു സിനിമ കാണാൻ പോലും തികയില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ചിലർ കുറിച്ചു.
ഉറങ്ങാനുള്ള സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയവും ആളുകൾ ഫോണിൽ ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയതിനെതുടർന്നാണ് ഫോൺ ഉപയോഗിക്കുന്ന സമയം കുറക്കാൻ ഭരണാധികാരികൾ തീരുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

