റോബോട്ടുകളടക്കം കയറ്റുമതി നിരോധിച്ച് ജപ്പാൻ; റഷ്യക്കെതിരായ ഉപരോധം കടുപ്പിച്ചു
text_fieldsയുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം മാറ്റുന്നു (photo: Jose Colon - Anadolu Agency)
ടോക്യോ: യുക്രെയ്നിൽ റഷ്യ നടത്തുന്ന പുതിയ ആക്രമണങ്ങൾക്ക് മറുപടിയായി ജപ്പാൻ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയിലേക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ കയറ്റുമതി നിരോധിക്കുകയും നിരവധി ആസ്തികൾ മരവിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഉപരോധം കടുപ്പിച്ചത്.
റോബോട്ടുകൾ, പവർ ജനറേറ്ററുകൾ, സ്‌ഫോടകവസ്തുക്കൾ, വാക്‌സിനുകൾ, സെമികണ്ടക്ടർ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ചരക്കുകളുടെ റഷ്യയിലേക്കുള്ള കയറ്റുമതി ജപ്പാൻ നിരോധിക്കുമെന്ന് വാണിജ്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. പുതിയ കയറ്റുമതി നിരോധനം ഫെബ്രുവരി 3 മുതലാണ് പ്രാബല്യത്തിലാകുക.
മൂന്ന് റഷ്യൻ സ്ഥാപനങ്ങളുടെയും 22 വ്യക്തികളുടെയും റഷ്യയെ അനുകൂലിക്കുന്ന 14 വ്യക്തികളുടെയും ആസ്തികളാണ് ജപ്പാൻ മരവിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഫ്രാൻസോ സഖ്യകക്ഷികളോ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്‌നിലേക്ക് സൈനിക ടാങ്കുകൾ അയയ്ക്കാനുള്ള പാശ്ചാത്യ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാൻസ് തങ്ങളുടെ നയം വ്യക്തമാക്കിയത്. ഞങ്ങളോ ഞങ്ങളുടെ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന് മന്ത്രാലയ വക്താവ് ആൻ-ക്ലെയർ ലെജൻഡ്രെ പറഞ്ഞു.