അപൂർവ രക്തദാനത്തിലൂടെ 24 ലക്ഷം കുഞ്ഞുങ്ങളെ രക്ഷിച്ച ജെയിംസ് ഹാരിസൺ അന്തരിച്ചു
text_fieldsമെൽബൺ: രക്തത്തിലെ പ്ലാസ്മ ദാനത്തിലൂടെ രണ്ട് ദശലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച, ലോകത്തിലെ ഏറ്റവും സമൃദ്ധമായ രക്തദാതാക്കളിൽ ഒരാളായ ജെയിംസ് ഹാരിസൺ വിടവാങ്ങി. ഫെബ്രുവരി 17ന് ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരു നഴ്സിങ് ഹോമിൽ ജെയിംസ് ഹാരിസൺ ഉറക്കത്തിൽ മരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു.
‘സ്വർണ ഹസ്ത’മുള്ള മനുഷ്യൻ എന്ന് ആസ്‌ത്രേലിയയിൽ അറിയപ്പെടുന്ന ഹാരിസണിന്റെ രക്തത്തിൽ അപൂർവമായ ആന്റി ബോഡിയായ ആന്റി-ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭസ്ഥ ശിശുക്കളെ ആക്രമിക്കാൻ സാധ്യതയുള്ള രോഗങ്ങൾക്ക് ഗർഭിണികൾക്ക് നൽകുന്ന മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്നു.
ഹാരിസണിന് 14 വയസ്സുള്ളപ്പോൾ ഒരു വലിയ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാവേണ്ടിവന്നു. അതിൽ രക്തം സ്വീകരിച്ചിരുന്നു. അതിനുശേഷമാണ് പ്ലാസ്മ ദാനത്തിലേക്ക് കടന്നത്. 18 വയസ്സുള്ളപ്പോൾ രക്ത പ്ലാസ്മ ദാനം ചെയ്യാൻ തുടങ്ങിയ അദ്ദേഹം 81 വയസ്സ് വരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അത് തുടർന്നുവെന്ന് ഹാരിസണിന് ആദരാഞ്ജലികൾ അർപ്പിച്ച ആസ്‌ത്രേലിയൻ റെഡ് ക്രോസ് ബ്ലഡ് സർവിസ് അനുസ്മരിച്ചു.
2005ൽ, ഏറ്റവും കൂടുതൽ രക്ത പ്ലാസ്മ ദാനം ചെയ്തതിന്റെ ലോക റെക്കോർഡ് അദ്ദേഹത്തിനുണ്ടായിരുന്നു. 2022ൽ യു.എസിലെ ഒരാൾ മറികടക്കുന്നതുവരെ ഈ പദവി നിലനിർത്തിയെന്ന് ഹാരിസന്റെ മകൾ ട്രേസി മെല്ലോഷിപ്പ് പറഞ്ഞു. ഒരു ചെലവും വേദനയും കൂടാതെ നിരവധി ജീവൻ രക്ഷിക്കാനായതിൽ പിതാവ് വളരെ അഭിമാനിച്ചിരുന്നുവെന്നും നിങ്ങൾ രക്ഷിക്കുന്ന ജീവൻ നിങ്ങളുടേതായിരിക്കാമെന്നും മകൾ കൂട്ടിച്ചേർത്തു. ഹാരിസണിന്റെ രണ്ട് പേരക്കുട്ടികളും ആന്റി-ഡി പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചവരാണ്.
ഹാരിസൺ 1992 ഡിസംബറിൽ തൻ്റെ 537-ാമത് രക്തദാന ചടങ്ങിൽ
ഗർഭപിണ്ഡത്തിന്റെയും നവജാതശിശുവിന്റെയും ഹീമോലിറ്റിക് അല്ലെങ്കിൽ എച്ച്.ഡി.എഫ്.എൻ എന്ന മാരകമായ രക്തരോഗത്തിൽ നിന്ന് ഗർഭസ്ഥ ശിശുക്കളെ ആന്റി-ഡി ജാബുകൾ സംരക്ഷിക്കുന്നു. ഗർഭാവസ്ഥയിൽ അമ്മയുടെ ചുവന്ന രക്താണുക്കൾക്ക് വളരുന്ന കുഞ്ഞിന് പൊരുത്തമില്ലാതിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അമ്മയുടെ പ്രതിരോധ സംവിധാനം കുഞ്ഞിന്റെ രക്തകോശങ്ങളെ ഒരു ഭീഷണിയായി കാണുകയും അവയെ ആക്രമിക്കാൻ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ അനീമിയ, ഹൃദയസ്തംഭനം അല്ലെങ്കിൽ മരണം എന്നിവക്ക് കാരണമായി കുഞ്ഞിനെ ഗുരുതരമായി ബാധിക്കും.
1960കളുടെ മധ്യത്തിൽ ആന്റി-ഡി ഇടപെടലുകൾ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പ്, എച്ച്.ഡി.എഫ്.എൻ രോഗനിർണയം നടത്തിയ രണ്ട് കുട്ടികളിൽ ഒരാൾ മരിക്കുകയുണ്ടായി. ഹാരിസണിന്റെ രക്തത്തിൽ എങ്ങനെയാണ് ആന്റി-ഡി ഇത്രയധികം സമൃദ്ധമായതതെന്ന് വ്യക്തമല്ല. എന്നാൽ, ചില റിപ്പോർട്ടുകൾ പറയുന്നത് 14-ാം വയസ്സിൽ അദ്ദേഹത്തിന് ലഭിച്ച വൻ രക്തപ്പകർച്ചയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ആസ്‌ത്രേലിയയിൽ 200ൽ താഴെ ആന്റി-ഡി ദാതാക്കൾ മാത്രമേ ഉള്ളൂ. ‘ലൈഫ്ബ്ലഡ്’ എന്നറിയപ്പെടുന്ന ആസ്‌ത്രേലിയൻ റെഡ് ക്രോസ് ബ്ലഡ് സർവിസ് പ്രകാരം അവർ പ്രതിവർഷം 45,000 അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും സഹായിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

