Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ...

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഗൾഫ് പര്യടനം ഞായറാഴ്ച മുതൽ

text_fields
bookmark_border
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഗൾഫ് പര്യടനം ഞായറാഴ്ച മുതൽ
cancel

മസ്കത്ത്/ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോഗക പര്യടനത്തിന് ഞായറാഴ്ച തുടക്കമാവും. ഗൾഫ് മേഖലയിലെ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവക്ക് പുറമെ യു.എസ്, ബെൽജിയം എന്നീ രാജ്യങ്ങളാണ് ജയ്ശങ്കർ സന്ദർശിക്കുക. ജൂലൈ 15 വരെയാണ് സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ജയ്ശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഞായറാഴ്ച മുതൽ 10 വരെ അദ്ദേഹം ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തും. ഈ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ‘ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ഈ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഒപ്പം പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ പങ്കുവെക്കാനുള്ള അവസരമായി ഇത് മാറുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അടുത്തിടെ, ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിരുന്നു. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഖത്തർ തലസ്ഥാനമായ ദോഹയിൽ പരോക്ഷ ചർച്ചകൾ പുനരാരംഭിക്കാനിരിക്കുകയാണ്. ഹുർമുസ് കടലിടുക്കിലെ യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യയുടെ ഇന്ധനവിലയെ ബാധിച്ച സാഹചര്യത്തിൽ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുണ്ട്. ഈ പശ്ചാത്തലത്തിൽ, യു.എസ്-ഇറാൻ സമാധാന ചട്ടക്കൂടുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ മനസ്സിലാക്കുന്നതിലായിരിക്കും ജയശങ്കറിന്റെ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുമായെല്ലാം ഇന്ത്യക്ക് ശക്തമായ ഊർജ വ്യാപാര ബന്ധം നിലനിൽക്കുന്നുണ്ട്.

ഗൾഫ് പര്യടനത്തിന് ശേഷം ജൂലൈ 13-ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും. 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും. സന്ദർശനത്തിന്റെ അവസാന ദിവസങ്ങളായ ജൂലൈ 14, 15 തീയതികളിൽ അദ്ദേഹം ബ്രസൽസ് സന്ദർശിക്കും. മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും. ഇന്ത്യ- യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായ ശേഷമുള്ള പ്രധാന കൂടിക്കാഴ്ച കൂടിയാകുമിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsS JaishankarIran-USIindiaGulf VisitIndia-Us talk
News Summary - jaishankar to travel to West Asia on July 5
Next Story