അറസ്റ്റിനിടെ ആസ്ട്രേലിയൻ പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തിയ ഇന്ത്യൻ വംശജൻ കോമയിൽ
text_fieldsമെൽബൺ: ‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’-സൗത് ആസ്‌ട്രേലിയൻ പൊലീസ് നിലത്തേക്ക് തള്ളിയിട്ട് കഴുത്തിൽ കാൽമുട്ട് അമർത്തി അറസ്റ്റ് ചെയ്യുന്നതിനിടെ ബോധം നഷ്ടപ്പെടും മുമ്പ് ഗൗരവ് എന്ന ഇന്ത്യൻ വംശജൻ നിലവിളിച്ചു. ശാരീരികമായ ആക്രമണത്തിനു പിന്നാലെ പിന്നാലെ കോമയിലായ 42കാരൻ ഇപ്പോൾ ജീവനുവേണ്ടി പോരാടുകയാണെന്ന് റോയൽ അഡലെയ്ഡ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ ‘കഴുത്തിൽ കാൽമുട്ടുകുത്തി’യെന്ന്അദ്ദേഹത്തിന്റെ പങ്കാളി അമൃത്പാൽ കൗർ പറഞ്ഞതായി ആസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവത്തിനിടെ ഗൗരവിന്റെ തല പൊലീസ് കാറിൽ ഇടിച്ചതായും അവർ കൂട്ടിച്ചേർത്തു.
‘മദ്യപിച്ച അവസ്ഥയിൽ വീട്ടിൽ നിന്ന് ഇറങ്ങിയ’ ഗൗരവിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അക്രമാസക്തമായെന്നും അതിനെ ചെറുത്തുവെന്നുമാണ് പൊലീസ് വാദം. ഗാർഹിക തർക്കം പോലെ തോന്നിച്ച സംഭവത്തിനിടെ അതുവഴി പോവുകയായിരുന്ന പട്രോളിംഗ് സംഘം പ്രതികരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
പൊലീസ് റോഡിൽ ഗൗരവിനെ തടഞ്ഞുനിർത്തുന്നതും അദ്ദേഹവും പങ്കാളി അമൃത്പാലും നിരപരാധിത്വത്തിനായി വാദിക്കുകയും ചെയ്യുന്നത് ആസ്‌ട്രേലിയ ടുഡേക്ക് ലഭിച്ച ദൃശ്യങ്ങളിൽ കാണാം.
എന്നാൽ, തങ്ങൾ തർക്കിക്കുക മാത്രമാണ് ചെയ്തതെന്നും ഗൗരവ് മദ്യപിച്ചിരുന്നെങ്കിലും അക്രമരഹിതനായിരുന്നുവെന്നും കൗർ പറഞ്ഞു. അറസ്റ്റിനിടെ തന്റെ പങ്കാളിയുടെ തല പട്രോളിങ്ങിന്റെ കാറിലും പിന്നീട് റോഡിലും ഇടിച്ചുവെന്നും അവർ പറഞ്ഞു.
സൗത് ആസ്‌ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

