Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലോട്ടില്ല പ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം; ഇസ്രായേൽ പ്രതിരോധമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഇറ്റലി

text_fields
bookmark_border
ഫ്ലോട്ടില്ല പ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം; ഇസ്രായേൽ പ്രതിരോധമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഇറ്റലി
cancel

റോം: ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കെടുത്ത ഫ്ലോട്ടില്ല പ്രവർത്തകരെ തടങ്കലിൽവെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സിനും മുതിർന്ന സൈനിക, പൊലീസ്, ജയിൽ ഉദ്യോഗസ്ഥരായ 12 പേർക്കുമെതിരെ ഇറ്റലിയിൽ അന്വേഷണം. റോം പ്രോസിക്യൂട്ടർ ഓഫീസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതാമർ ബെൻ-ഗ്വിറിനെതിരെ ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ പ്രതിരോധ മന്ത്രിക്കെതിരെ കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.

2025, 2026 വർഷങ്ങളിൽ ഗസ്സയിലെ ഇസ്രായേലി ഉപരോധം ലംഘിച്ച് മാനുഷിക സഹായം എത്തിക്കാൻ ശ്രമിച്ച ഇറ്റാലിയൻ പൗരന്മാരായ 50 പ്രവർത്തകർ നൽകിയ പരാതിയിലാണ് റോം പോലീസ് നടപടി സ്വീകരിച്ചത്. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ബോട്ട് പിടിച്ചെടുത്ത ഇസ്രായേലി സൈന്യം പ്രവർത്തകരെ മർദ്ദിക്കുകയും, വധഭീഷണി മുഴക്കുകയും, പട്ടിണിക്കിടുകയും ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

2025ലെ ആദ്യ ദൗത്യത്തിനിടെ തടങ്കലിലായ പ്രവർത്തകർ മർദനം, പരിക്കുകൾ, വധഭീഷണി, അധിക്ഷേപം, ഭീകരവാദികളെന്ന ആരോപണം എന്നിവ നേരിട്ടതായി പരാതിപ്പെട്ടെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. 2026ലെ രണ്ടാമത്തെ ദൗത്യത്തിൽ തടങ്കലിലായവർക്ക് കൂടുതൽ കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്നതായും പരാതിയുണ്ട്. ഇരുട്ടിൽവെച്ച് മർദിച്ചതായും വൈദ്യുതാഘാതം ഏൽപ്പിക്കുന്ന ഉപകരണങ്ങളും റബർ വെടിയുണ്ടകളും ഉപയോഗിച്ചതായും അവർ മൊഴി നൽകിയിട്ടുണ്ട്. ബലാത്സംഗം ഉൾപ്പെടെ കുറഞ്ഞത് 15 ലൈംഗികാതിക്രമ സംഭവങ്ങൾ പ്രവർത്തകർ റിപ്പോർട്ട് ചെയ്തതായും പ്രോസിക്യൂട്ടർമാരുടെ പ്രസ്താവനയിൽ പറയുന്നു.

2025 സെപ്റ്റംബറിൽ സ്പെയിനിലെ ബാഴ്‌സലോണയിൽനിന്നാണ് ആദ്യ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല യാത്ര ആരംഭിച്ചത്. 42 ബോട്ടുകളിലായി 462 പ്രവർത്തകരുണ്ടായിരുന്നു. അതേ വർഷം ഒക്ടോബർ ആദ്യം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽവെച്ച് ഇസ്രായേൽ സൈന്യം കപ്പൽവ്യൂഹത്തെ തടഞ്ഞു. നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തശേഷം പിന്നീട് നാടുകടത്തി.

രണ്ടാമത്തെ ദൗത്യം 2026 ഏപ്രിലിൽ ബാഴ്‌സലോണയിൽനിന്ന് പുറപ്പെട്ടു. ഏപ്രിൽ 30ന് ഗ്രീസിന്റെ തെക്കൻ തീരത്തുള്ള ക്രീറ്റ് ദ്വീപിന് സമീപം ഇസ്രായേൽ സൈന്യം ബോട്ടുകൾ തടയാൻ തുടങ്ങി. മേയ് 19ഓടെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽവെച്ച് ഏകദേശം 50 കപ്പലുകളിലായി സഞ്ചരിച്ചിരുന്ന 430 പേരെ കസ്റ്റഡിയിലെടുത്തു. അവസാനത്തെ തടയൽ നടപടികൾ സൈപ്രസിന് സമീപമായിരുന്നു. തടങ്കലിലാക്കിയ പ്രവർത്തകരെ കൈകൾ കേബിൾ ടൈ ഉപയോഗിച്ച് ബന്ധിച്ച് മുട്ടുകുത്തിച്ചുനിർത്തിയിരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ പിന്നീട് ബെൻ-ഗ്വിർ പുറത്തുവിട്ടിരുന്നു.

ഇറ്റാലിയൻ നിയമപ്രകാരം, വിദേശത്ത് ഇറ്റാലിയൻ പൗരന്മാർക്കെതിരെ നടക്കുന്ന ചില കുറ്റകൃത്യങ്ങളിൽ റോമിൽ വിചാരണ നടത്താം. ആരോപണങ്ങൾക്ക് മതിയായ അടിസ്ഥാനമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ പ്രതികൾക്കെതിരെ വിചാരണ ആരംഭിക്കാൻ പ്രോസിക്യൂട്ടർമാർക്ക് ഔദ്യോഗികമായി ആവശ്യപ്പെടാം. ഇതിനായി ഇസ്രായേൽ അധികൃതരോട് തെളിവുകളും വിശദീകരണങ്ങളും ഇറ്റലി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Italy probes Israel’s Katz over abuse, sexual assault of flotilla activists
Next Story