ഫാഷിസത്തെ തള്ളിപ്പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി
text_fieldsറോം: ഫാഷിസം ഉൾപ്പെടെയുള്ള ഏകാധിപത്യ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ് പാർലമെന്റിൽ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ കന്നിപ്രസംഗം. യൂറോപ്യൻ യൂനിയനും 'നാറ്റോ'ക്കും യുക്രെയ്നും തന്റെ സർക്കാർ പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ മാസമാണ് മെലോനിയുടെ തീവ്ര വലതുപക്ഷ കക്ഷി തെരഞ്ഞെടുപ്പിൽ വിജയം കൊയ്തത്.
45കാരിയായ മെലോനി ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാണ്. ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളോട് ഒരിക്കലും തനിക്ക് അനുകമ്പ തോന്നിയിട്ടില്ലെന്നും അത്തരം ആശയങ്ങളുമായി അടുപ്പമില്ലെന്നും അവർ പറഞ്ഞു.
മാരിയോ ദ്രാഗിയുടെ മുൻ സർക്കാർ യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്ക് ഉപരോധമേർപ്പെടുത്തുന്നതിന് പിന്തുണ നൽകിയിരുന്നു. കിയവിന് അവർ ആയുധവും നൽകുകയുണ്ടായി.
പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ നിലപാടിനെ മെലോനി പിന്തുണച്ചിരുന്നു. ഇറ്റലിയുടെ ഊർജ ആവശ്യങ്ങൾക്കുള്ള വാതകം കാര്യമായി എത്തുന്നത് റഷ്യയിൽനിന്നാണ്. ഊർജ വിതരണം മുൻനിർത്തിയുള്ള വിലപേശലിനു വഴങ്ങില്ലെന്ന് മെലോനി പറഞ്ഞു.